കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ മാസങ്ങള്‍ക്കുമുമ്പ് തന്നെ യുദ്ധത്തിന്റെ കരിനിഴല്‍ വീണിരുന്നു. റഷ്യന്‍ മിസൈലുകളും പോര്‍വിമാനങ്ങളും എപ്പോള്‍ എത്തുമെന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. കിഴക്കന്‍ യുക്രെയ്‌നിലെ വിമത മേഖലകളെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതോടെ കീവിലെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി. ബുധനാഴ്ച രാത്രി നഗരത്തിന്റെ നിശബ്ദതയെ ഭേദിച്ചെത്തിയ സ്‌ഫോടന ശബ്ദങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് പ്രയാസമുണ്ടായില്ല. ഭയപ്പെട്ടത് സംഭവിച്ചതായി അവര്‍ക്ക് ഉറപ്പായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ നഗരത്തിന് പുറത്തുകടക്കാനുള്ള ശ്രമത്തിലായിരുന്നു ജനങ്ങള്‍. കീവിന് പുറത്തേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ട്രാഫിക്ക് ജാമില്‍ കുരുങ്ങി വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങി. പരിഭ്രാന്തരായി പലരും ബങ്കറുകളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആളുകളോട് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തങ്ങണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ആരും അതിന് തയാറായില്ല.
എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള നെട്ടോട്ടത്തിലായിരുന്നു എല്ലാവരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. പോളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് തുടരുകയാണ്. അഭയാര്‍ത്ഥികളില്‍ യുക്രെയ്ന്‍ സൈനികരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് വള്ദാമിര്‍ പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ റഷ്യന്‍ പോര്‍വിമാനങ്ങള്‍ കീവിന് മുകളില്‍ ഇരമ്പിയെത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം യുക്രെയ്‌നിലെ വിമാനത്താവളങ്ങളും പ്രതിരോധ സംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ സേന അവകാശപ്പെട്ടു.
കീവിനെ അനായാസം കീഴടക്കാന്‍ റഷ്യക്ക് സാധിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ബോംബിങ്ങില്‍ യുക്രെയ്ന്‍ നഗരങ്ങള്‍ വിറച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളപായവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മരണനിരക്ക് എത്രയാണെന്ന് കൃത്യമായ റിപ്പോര്‍ട്ടില്ല. മിസൈലാക്രണങ്ങളെ തുടര്‍ന്ന് കീവിന്റെ ആകാശം ചുവപ്പും ഓറഞ്ചും പുകയില്‍ നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സൈനിക കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം തുടങ്ങിയത്. പാശ്ചാത്യ ശക്തികളുടെ സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന യുക്രെയ്‌ന് അവകാശ നിമിഷത്തില്‍ നിരാശപ്പെടേണ്ടിവന്നു.