X

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യു; അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യു പ്രാബല്യത്തില്‍ . ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ ആരോഗ്യവകുപ്പ് രാത്രികാല കര്‍ഫ്യു പ്രഖ്യാപ്പിച്ചിരിക്കുന്നത്. വ്യാഴം മുതല്‍ ഞായര്‍ വരെയാണ് രാത്രികാല കര്‍ഫ്യു. രാത്രി 10 ന് കടകള്‍ അടക്കണം. പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യു തുടരുക.

പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. തീയറ്ററുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.

ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ മറ്റു സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികള്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതിനാല്‍ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് പുറത്ത് ഇറങ്ങുന്നവരുടെ കൈയില്‍ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. വാഹനപരിശോധന കര്‍ശനമാക്കുമെന്നും അനാവശ്യയാത്ര അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. രാത്രികാല കര്‍ഫ്യു ലംഘിക്കുന്നര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരമാക്കും കേസെടുക്കുക.

രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി 31 വരെ നിയന്ത്രണങ്ങളുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇതുവരെ 961 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ 65 കേസുകളാണ് ഉള്ളത്. രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Test User: