X

കര്‍ഫ്യൂ ലംഘിച്ചാലും മാസ്‌ക് ധരിച്ചില്ലേലും പിടിവീഴും; സംസ്ഥാനം പിഴ കുത്തനെ കൂട്ടി

തിരുവനന്തപുരം: രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെ നിരോധനങ്ങളുള്ള സമയത്ത് അനാവശ്യമായി സ്വകാര്യവാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴ ഈടാക്കും. കര്‍ശനമായി പിഴ ഈടാക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി.

നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ യോഗങ്ങള്‍ക്കോ വിവാഹ മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റു മതാഘോഷങ്ങള്‍ക്കോ കൂട്ടംകൂടിയാല്‍ 5000 രൂപ, അടച്ചുപൂട്ടല്‍ നിര്‍ദേശം നിലനില്‍ക്കെ അത് ലംഘിച്ച് സ്‌കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ തുറന്നാല്‍ 2000 രൂപ, കോവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപ എന്നിങ്ങനെയായിരിക്കും പിഴ. കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെനിന്ന് ആരെങ്കിലും അനാവശ്യമായി പുറത്തുപോകുകയോ ചെയ്താലും 500 രൂപയായിരിക്കും പിഴ.

ക്വാറന്റീന്‍ ലംഘനത്തിന് 2000 രൂപ, അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ, പൊതുസ്ഥലത്ത് മാസ്‌ക് വെക്കാതിരുന്നാല്‍ 500 രൂപ, പൊതുസ്ഥലത്ത് അകലം പാലിക്കാതിരുന്നാല്‍ 500 രൂപ, വിവാഹചടങ്ങുകള്‍ക്കോ ആഘോഷങ്ങള്‍ക്കോ അനുവദനീയമായ ആളുകളില്‍ കൂടുതല്‍പേര്‍ പങ്കെടുക്കുകയോ അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 5000 രൂപ, മരണാനന്തരചടങ്ങുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ 2000 രൂപ എന്നിങ്ങനെയും പിഴ പുതുക്കി നിശ്ചയിച്ചു.

 

Test User: