അബൂജ: രാജ്യത്ത് സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭാര്യ ഐഷ ബുഹാരി. സര്‍ക്കാര്‍ സംവിധാനത്തിലെ പാകപിഴവുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്നാണ് ഐഷ ബുഹാരിയുടെ മുന്നറിയിപ്പ്. കുത്തഴിഞ്ഞ ഭരണ സംവിധാനം രാജ്യത്ത് അരക്ഷിതാവസ്ഥക്കു വഴിവെക്കുമെന്ന് അവര്‍ പറഞ്ഞു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രഥമ വനിത ഭര്‍ത്താവിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാറിനു കീഴില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് യാതൊരു അറിവുമില്ലെന്ന് വ്യാപകമായി പരാതി ഉയരുന്നതായി അവര്‍ പറഞ്ഞു. നിയമിച്ച ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നു പോലും അറിവില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ഐഷ ബുഹാരി പറഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് കഴിഞ്ഞ വര്‍ഷം മുഹമ്മദ് ബുഹാരി പ്രസിഡന്റായി സ്ഥാനമേറ്റത്. എന്നാല്‍ അധികാരത്തിലേറിയ ശേഷം കൃത്യനിര്‍വഹണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഐഷ തുറന്നടിച്ചു. പുതുതായി നിയമിതരായ അമ്പതു പേരില്‍ 45 പേരെയും പ്രസിഡന്റിന് അറിയില്ല. ഉന്നതസ്ഥാനങ്ങളിലേക്ക് മന്ത്രിമാര്‍ സ്വന്തം ആളുകളെ നിയമിക്കുകയാണെന്നും എന്നാല്‍ ഇവരില്‍ പലരും ജോലി ചെയ്യാതെ വീട്ടിലിരിക്കുകയാണെന്നും ഐഷ ആരോപിച്ചു. സ്ഥിതി തുടരുകയാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ബുഹാരിക്കെതിരെ താന്‍ നേരിട്ട് രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി പറഞ്ഞു.