അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണം കൂടിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അദമാവ സ്റ്റേറ്റില്‍ മുബി നഗരത്തിലെ പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ പള്ളിയില്‍ നമസ്‌കാരം നടക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് വക്താവ് ഉസ്്മാന്‍ അബൂബകര്‍ പറഞ്ഞു. പള്ളിയില്‍ കയറി വിശ്വാസികളോടൊപ്പം ചേര്‍ന്ന ചാവേര്‍ നമസ്‌കാരം നടക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒരു കൗമാരക്കാരനാണ് ചാവേറായതെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ബോകോഹറം ഭീകരരാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറച്ചുകാലം മുബി നഗരം ബോകോഹറമിന്റെ നിയന്ത്രണത്തിലായിരുന്നു. നഗരത്തിന്റെ പേര് മദീനത്തുല്‍ ഇസ്്‌ലാം എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. സൈന്യവും പ്രദേശവാസികളും ചേര്‍ന്ന് തീവ്രവാദികളെ തുരത്തിയ ശേഷം പ്രദേശം പൊതുവെ ശാന്തമായിരുന്നു. സമീപ കാലത്ത് നൈജീരിയടുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ബോകോഹറം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ആള്‍ക്കൂട്ടത്തെ ലക്ഷ്യമിട്ടാണ് ബോകോഹറം തീവ്രവാദികള്‍ സ്‌ഫോടനങ്ങള്‍ നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദമാവ സ്‌റ്റേറ്റിലുണ്ടായ മറ്റൊരു ചാവേര്‍ സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009ല്‍ ബോകോഹറം തീവ്രവാദികള്‍ സായുധ പോരാട്ടം തുടങ്ങിയ ശേഷം രാജ്യത്ത് ഇരുപതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും 26 ലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.