എന്‍ഡിവിയിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിപ്പിച്ച സംഭവത്തെ അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങളുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍ഡിവിയിലെ റിപോര്‍ട്ടര്‍ മുന്ന ഭാരതിയേയും കുടുംബത്തേയും ബജ്‌റംഗ് ദളിന്റെ ഒരു സംഘം ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിക്കാന്‍ പറഞ്ഞ സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെയാണ് നിതീഷ് കുമാര്‍ അപലപിച്ച് രംഗത്തെത്തിയത്.
ബിഹാറിലെ വൈശാലി ജില്ലയിലെ ക്രാനേജി ഗ്രാമത്തില്‍ നിന്നും സമസ്ഥിപ്പൂരിലെ റഹീമാബാദ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു മുന്ന ഭാര്‍തിയും കുടുംബവും. മുസഫര്‍നഗറില്‍ ദേശീയപാത 28നോട് അടുത്തപ്പോള്‍ ഒരു ടോള്‍ ബൂത്തിന് സമീപം ഗതാഗത തടസ്സം ഉണ്ടായി. അന്വേഷിച്ചപ്പോള്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ റോഡ് തടയുകയാണെന്ന് അറിഞ്ഞു. പൊടുന്നനെ മുളവടിയുമായി നാലഞ്ച് പേര്‍ കാര്‍ വളഞ്ഞു. താടിവെച്ച പിതാവിനെയും ശിരോവസ്ത്രം ധരിച്ച ഭാര്യയെും കാറിനുള്ളില്‍ കണ്ടതോടെ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ സംഘം ആക്രോശിച്ചു. ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ കാറിനുള്ളിലിട്ട് കത്തിച്ചുകളയുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ജീവന്‍ അപകടത്തിലാണെന്ന് ബോധ്യമായതോടെ ജയ് ശ്രീറാം ഏറ്റുചൊല്ലി. അതോടെ സംഘം പോകാന്‍ അനുവദിച്ചെന്നും മുന്നെ ഭാര്‍തി വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം പുറത്തറിയിച്ചത്. വിഷയം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ട്വിറ്ററില്‍ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കന്നതില്‍ നിരാശ പ്രകടിപ്പിച്ച്‌കൊണ്ടായിരുന്നു ട്വീറ്റ്.