X

‘ഘര്‍ വാപ്പസി’; ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്

പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍ മോദി അറിയിച്ചു. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം എടുത്തത്.  ബിജെപി നേതാക്കളായ ജെ.പി. നഡ്ഡയും സഞ്ജയ് മായുഖും നാളെത്തന്നെ പട്‌ന സന്ദര്‍ശിക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശത്തിനു നിതീഷ് കുമാര്‍ നന്ദി അറിയിച്ചു.

ഈ യോഗത്തിനുശേഷം ബിജെപി നേതാക്കളായ സുഷീല്‍ മോദിയും നിത്യാനന്ദ റായിയും മറ്റു പാര്‍ട്ടി എംഎല്‍എമാരും നിതീഷ് കുമാറിന്റെ വീട്ടിലെത്തി. ഇവിടെ ജെഡിയു ബിജെപി എംഎല്‍എമാരുടെ യോഗം നടക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം ഗവര്‍ണറെ കാണുമെന്നും സുഷീല്‍ മോദി വൈകിട്ടത്തെ യോഗത്തിനുശേഷം പറഞ്ഞിരുന്നു.

243 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നീതീഷ് കുമാറിന്റെ ജെ ഡി യു വിന് 71 അംഗങ്ങളാണുള്ളത്. ബി ജെ പിക്കാകട്ടെ 58 ഉം.

ബി.ജെ.പിക്കും മോദിക്കുമെതിരെ കോണ്‍ഗ്രസിനും ആര്‍ ജെ ഡിക്കുമൊപ്പം കൈപിടിച്ചായിരുന്നു നിതീഷ് കുമാര്‍ ബിഹാറില്‍ മഹാസഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറികടക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു മഹാ സഖ്യമെന്ന ബുദ്ധി. രാഷ്ട്രീയ വൈര്യം മറന്ന് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തോളോട് തോള്‍ ചേര്‍ന്ന് പ്രചരണം നയിച്ചപ്പോള്‍ ജനങ്ങള്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.

തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി മഹാസഖ്യം അധികാരമേറ്റപ്പോള്‍ അത് ജനാധിപത്യത്തിന്റെ വിജയമായി ഘോഷിക്കപ്പെട്ടു. എന്നാല്‍ അധികാരമേറ്റതിനു പിന്നാലെ മോദിക്കെതിരായ കടുത്ത നിലപാടുകളില്‍ നിന്ന് നതീഷ് പതിയെ പിന്‍വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നു. അപ്രതീക്ഷിതമായി നവംബര്‍ എട്ടാം തിയതി രാത്രി മോദി നോട്ട് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ അഭിനന്ദനവുമായി ആദ്യം രംഗത്തെത്തിയതും നീതീഷായിരുന്നു.

മണ്ടന്‍ തീരുമാനമാണ് മോദിയുടേതെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ദന്‍മാരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞപ്പോഴും ബിഹാര്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. സ്വാഭാവികമായും ലാലുവുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായി. ലാലുവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ മോദിക്കൊപ്പം നിലകൊണ്ട നിതീഷിനെയായിരുന്നു പിന്നീട് കണ്ടത്.

ഇതോടെ നിതീഷ് കുമാര്‍ ബി ജെ പി പാളയത്തിലേക്ക് മടങ്ങുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ദിവസങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് തെളിയിക്കുന്നതും അതുതന്നെയാണ്. ബിനാമി സ്വത്തിടപാടു സംബന്ധിച്ച് തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തതോടെ നിതീഷ് നിലപാട് കടുപ്പിക്കുകയായിരുന്നു.

തേജസ്വി രാജിവെക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ജെഡിയുവും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് തേജസ്വി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ മന്ത്രിസഭ രാജിവെച്ചത്. ഇപ്പോള്‍ ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ എല്ലാം വ്യക്തമാകുന്നു.

ബിഹാറിലെ രാഷ്ട്രീയ നില

ആകെ സീറ്റ് 243
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122

കക്ഷി നില

ആര്‍ജെഡി 80
ജെഡിയു 71
കോണ്‍ഗ്രസ് 27

ബിജെപി 53

എല്‍ജെപി 2
ആര്‍എല്‍എസ്പി 2
എച്ച്എഎം 1

സിപിഐ (എംഎല്‍) 3
സ്വതന്ത്രര്‍ 4

chandrika: