X

ബി.ജെ.പിയുമായി അകല്‍ച്ചയുണ്ടോ?; ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നിതീഷ്

പട്‌ന: ബി.ജെ.പിയുമായി അകല്‍ച്ചയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കിടെയാണ് നിതീഷ് കുമാറിന്റെ മൗനം. പട്‌നയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ വിമര്‍ശനം ഉന്നയിച്ച നിതീഷ്, പക്ഷേ ബി.ജെ.പി ബന്ധം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ഒഴിഞ്ഞുമാറുകയായിരുന്നു. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അവരുടെ യുക്തിക്ക് അനുസരിച്ചുള്ള നിഗമനങ്ങളില്‍ എത്താം എന്നായിരുന്നു ചോദ്യത്തിന് നിതീഷിന്റെ മറുപടി.

കഴിഞ്ഞ ദിവസം ബിഹാര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, പട്‌ന യൂണിവേഴ്‌സിറ്റിക്ക് കേന്ദ്ര പദവിയെന്ന നിതീഷ് കുമാറിന്റെ പ്രധാന ആവശ്യം നിരസിച്ചിരുന്നു. കേന്ദ്ര പദവിയല്ല, ലോകോത്തര യൂണിവേഴ്‌സിറ്റികളാണ് ആവശ്യമെന്ന് പറഞ്ഞ മോദി, രാജ്യത്തെ 20 യൂണിവേഴ്‌സിറ്റികള്‍ക്കായി 10,000 കോടിയുടെ കോര്‍പ്പസ് ഫണ്ട് പ്രഖ്യാപിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതാണ് നിതീഷിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് – ആര്‍.ജെ.ഡി കക്ഷികള്‍ ഉള്‍പ്പെട്ട മഹാസഖ്യം ഉപേക്ഷിച്ചാണ് നിതീഷ് ബി.ജെ.പിയുമായി ചേര്‍ന്ന് ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ച രീതിയിലുള്ള സഹകരണം ഇല്ലാത്തതില്‍ നിതീഷ് നിരാശനാണെന്നാണ് റിപ്പോര്‍ട്ട്.

chandrika: