അമ്പലപ്പുഴ- നാഗ്പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പിന് സ്വപ്‌നങ്ങളുമായി പോയ അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ (10) മൃതദേഹം നാട്ടിലെത്തി. ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെയാണ് കുഞ്ഞു താരം വ്യാഴാഴ്ച മരണപ്പെട്ടത്. നിദ പഠിച്ച്-കളിച്ച് വളര്‍ന്ന സ്‌കൂളില്‍ അവളുടെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിന് വെച്ചതോടെ നാട്ടുകാര്‍ അവസാന നോട്ടത്തോടെ അവളെ ഓര്‍മയിലേക്ക് പറഞ്ഞയച്ചു.
വ്യാഴാഴ്ച രാത്രി നാഗ്പുരിലെത്തിയ പിതാവ് ഷിഹാബുദ്ദീന്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നിന്ന് മകളുടെ ചേതനയറ്റ ശരീരം ഏറ്റു വാങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കും കണ്ടുനില്‍ക്കാനായില്ല. നിദയുടെ മരണം അറിയാതെ ടീമിലെ ബാക്കിയുള്ളവര്‍ ഇപ്പോഴും അവളെ കാത്തിരിക്കുകയാവും. താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ച ദേശീയ സൈക്കിള്‍ പോളോ ഫെഡറേഷനെതിരെയും ചികിത്സപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ഷിഹാബുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കി.
മൃതദേഹം എത്തിക്കാനും ആശുപത്രി ചെലവുകള്‍ക്കുമായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 5 ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്കും കത്തയച്ചു.