X

ദിനേശ് കാര്‍ത്തികിന്റെ മാസ്മരിക ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കിരീടം

കൊളംബോ: എന്ത് പറയും ഈ വിജയത്തെ……. മാസ്മരികമായ വ്യക്തിഗത പ്രകടനത്തില്‍ ദിനേശ് കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പര്‍ ഇന്ത്യക്ക് സമ്മാനിച്ചത് ടി-20 ക്രിക്കറ്റിലെ അല്‍ഭുത വിജയങ്ങളിലൊന്ന്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ട ഘട്ടത്തില്‍ പന്തിനെ ഗ്യാലറിയിലെത്തിച്ച് നാല് വിക്കറ്റ് വിജയം സമ്മാനിച്ച കാര്‍ത്തിക് കളം നിറഞ്ഞ പ്രേമദാസ സ്‌റ്റേഡിയം ബംഗ്ലാദേശിന്റെ കണ്ണീര്‍കായലായി. ആവേശം വാനോളമുയര്‍ന്ന മല്‍സരത്തിന്റെ അവസാനത്തില്‍ കടുവകള്‍ കിരീടമുറപ്പിച്ചിരുന്നു. കാര്‍ത്തിക് എന്ന വിക്കറ്റ് കീപ്പര്‍ അവസാന രണ്ട് ഓവറില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് 12 പന്തില്‍ വേണ്ടത് 34 റണ്‍സ്. റൂബല്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്‌സറുകളും അത്രയും ബൗണ്ടറിയും പായിച്ച കാര്‍ത്തിക് 22 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ ഇതിലേറെ മാരകമായി കളിച്ചു. അവസാന പന്തില്‍ അഞ്ച് റണ്‍സ് എന്ന ലക്ഷ്യത്തില്‍ ഗ്യാലറി കണ്ണടച്ച് നില്‍ക്കവെ സൗമ്യ സര്‍ക്കാരിന്റെ പന്ത് കാര്‍ത്തിക് ഗ്യാലറിയിലെത്തിച്ചു. ഇന്ത്യക്ക് അതിശയകരമായ ജയം. കളിയിലെ കേമന്‍ മറ്റാരുമല്ല- എട്ട് പന്തില്‍ പുറത്താവാതെ 29 റണ്‍സ് നേടിയ ചെന്നൈക്കാരന്‍. പരമ്പരയിലെ കേമനായത് മറ്റൊരു ചെന്നൈക്കാരന്‍-സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍.

ടോസ് ഇന്ത്യക്കായിരുന്നു. സ്വന്തം ബാറ്റിംഗ് കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ബൗളിംഗായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം. ചാമ്പ്യന്‍ഷിപ്പിലെ ആറ് മല്‍സരങ്ങളില്‍ അഞ്ചിലും സ്‌ക്കോര്‍ പിന്തുടര്‍ന്നവരാണ് ജയിച്ചതെന്ന യാഥാര്‍ത്ഥ്യവും രോഹിതിന്റെ തീരുമാനത്തിന് കാരണമായി. ഇന്ത്യന്‍ സംഘത്തില്‍ ഒരു മാറ്റമുണ്ടായിരുന്നു. പേസര്‍ മുഹമ്മദ് സിറാജിന് പകരം ജയദേവ് ഉത്കണ്ഠിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. കളിച്ച അവസാന മല്‍സരത്തില്‍ സിറാജ് നാലോവറില്‍ അമ്പത് റണ്‍സ് വഴങ്ങിയിരുന്നു. ബംഗ്ലാദേശ് സംഘത്തില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. അവസാന മല്‍സരത്തില്‍ ലങ്കയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ അവര്‍ നിലനിര്‍ത്തി.
ഞെട്ടിക്കുന്നതായിരുന്നു കടുവകളുടെ തുടക്കം. തമീം ഇഖ്ബാലും ലിട്ടണ്‍ ദാസും ചേര്‍ന്ന് ജയദേവ് ഉത്കണ്ഠനെ കാര്യമായി മര്‍ദ്ദിച്ചു. തുടക്കത്തില്‍ പന്തിനെ ഗ്യാലറിയിലെത്തിച്ച ദാസിനെ പക്ഷേ പരമ്പരയിലുടനീളം മികച്ച സ്പിന്‍ ആക്രമണം നടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ വീഴ്ത്തി. ആദ്യ വിക്കറ്റ് നഷ്ടമായത് കാര്യമാക്കാതെ തമീം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍ അത്യുഗ്രന്‍ ക്യാച്ചുമായി ശ്രദ്ധാല്‍ ഠാക്കൂര്‍ വിസ്മയമായി. യൂസവേന്ദ്ര ചാഹല്‍ എറിഞ്ഞ പന്ത് സിക്‌സറിലേക്കാണ് തമീം പായിച്ചത്. പക്ഷേ അതിര്‍ത്തികരികില്‍ കാവല്‍ നിന്ന ഠാക്കൂര്‍ ഉയര്‍ന്ന പന്തിനെ വ്യക്തമായ നിയന്ത്രണത്തിവല്‍ കരങ്ങളിലാക്കിയപ്പോല്‍ ടി-20 ക്രിക്കറ്റ് ദര്‍ശിച്ച മനോഹരമായ ക്യാച്ചായി അത് മാറി. പിറകെ സൗമ്യ സര്‍ക്കാരും വീണപ്പോള്‍ സബീര്‍ റഹ്മാന്റെ ഊഴമായി. മികച്ച ഫോമിലായിരുന്നു യുവതാരം. നാല് തവണ അദ്ദേഹം പന്തിനെ ഗ്യാലറിയിലെത്തിച്ചു. ഏഴ് തവണ അതിര്‍ത്തി ഷോട്ടുകളും. ഞൊടിയിടയില്‍ അദ്ദേഹം അര്‍ധശതകം പൂര്‍ത്തിയാക്കി. അതിനിടെ മിന്നലടിക്കാരന്‍ മുഷ്ഫിഖുര്‍ റഹീം പുറത്തായത് ഇന്ത്യക്ക് വലിയ ആശ്വാസമായി. നായകന്‍ മഹമുദ്ദുല്ല രണ്ട് ബൗണ്ടറികള്‍ പായിച്ചു. പക്ഷേ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. വാലറ്റത്തില്‍ മെഹ്ദി ഹസന്‍ മിറാസ് ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി പുറത്താവാതെ 19 റണ്‍സ് നേടിയപ്പോള്‍ കടുവകളുടെ സ്‌ക്കോര്‍ 166 ലെത്തി. 18 റണ്‍സിന് മൂന്ന് വിക്കറ്റുമായി ചാഹല്‍ ഒന്നാമനായി. സുന്ദര്‍ പതിവ് പോലെ അച്ചടക്കം പാലിച്ചു- ഇരുപത് റണ്‍സിന് ഒരു വിക്കറ്റ്.

മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അതിവേഗതയില്‍ കളിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അല്‍പ്പം മങ്ങിയിരുന്ന നായകന്‍ നിര്‍ണായക മല്‍സരങ്ങളില്‍ കരുത്തനായി തിരിച്ചു വരുന്ന കാഴ്ച്ച. സ്‌ക്കോര്‍ 32 ല്‍ ഇന്ത്യക്ക് ശിഖര്‍ ധവാന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഷാക്കിബ് അല്‍ഹസന്റെ പന്തില്‍ പുറത്താവുമ്പോള്‍ പത്ത് റണ്‍സാണ് ധവാന്‍ നേടിയത്. പിറകെ വന്ന സുരേഷ് റൈനയുടെ വിക്കറ്റ് പെട്ടെന്ന് നിലംപതിച്ചു. മൂന്ന് പന്ത് മാത്രം നേരിട്ട റൈനക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റിയില്ല. രോഹിതിന് കൂട്ടായി കെ.എല്‍ രാഹുല്‍ വന്നപ്പോള്‍ സ്‌ക്കോര്‍ നിരക്ക് വീണ്ടും ഉയര്‍ന്നു. അതിനിടെ രോഹിത് അര്‍ധശതകം പൂര്‍ത്തിയാക്കി. അദ്ദേഹം പുറത്തായത് മറ്റൊരു ആഘാതമായി. പകരമെത്തിയ മനീഷ് പാണ്ഡെ അക്രമണോത്സുകത കാണിച്ചെങ്കിലും ദിനേശ് കാര്‍ത്തിക്കിന് മുമ്പേ വന്ന വിജയ് ശങ്കര്‍ നിരാശപ്പെടുത്തി. നിര്‍ണായക ഘട്ടത്തില്‍ മുസ്താഫിസുര്‍ റഹ്മാന്‍ തകര്‍പ്പന്‍ ബൗളിംഗ് നടത്തിയപ്പോള്‍ പതിനേഴാം ഓവറിലെ നാല് പന്തുകളില്‍ ശങ്കറിന് പന്ത് തൊടാന്‍ പോലുമായില്ല. ഇന്ത്യ തോല്‍വി മുഖത്ത് നില്‍ക്കുമ്പോള്‍ ടീമിന്റെ ഭാഗ്യത്തിന് മനീഷ് പാണ്ഡെ (28) പുറത്താവുന്നു. പകരം വന്നത് ദിനേശ് കാര്‍ത്തിക്- ദീര്‍ഘകാലമായി ഇന്ത്യന് ക്രിക്കറ്റില്‍ അവഗണിക്കപ്പെട്ട് കിടന്ന ആ വിക്കറ്റ് കീപ്പര്‍ എല്ലാ ശൗര്യവും പുറത്തെടുത്ത് അരങ്ങ് തകര്‍ത്തപ്പോള്‍ മല്‍സരം ചരിത്രമായി. നാല് സിക്‌സറും മൂന്ന് ബൗണ്ടറികലും ഹരം പകര്‍ന്ന ഗംഭീര ഇന്നിംഗ്‌സ്.

chandrika: