കൊളംബോ: ആദ്യ മല്‍സരത്തില്‍ ലങ്കയില്‍ നിന്നേറ്റ പരാജയത്തിന്റെ ക്ഷീണത്തില്‍ നിന്നും കര കയറിയ ഇന്ത്യ നിധാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കടുവകള്‍ എട്ട് വിക്കറ്റിന് 139 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി വിജയമുറപ്പിച്ചു. 38 റണ്‍സ് മാത്രം നല്‍കി മൂന്ന് ബംഗ്ലാ വിക്കറ്റുകള്‍ നേടിയ ജയദേവ് ഉത്കണ്ഠും തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും അര്‍ധശതകം പിന്നിട്ട ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ വിജയശില്‍പ്പികള്‍. പക്ഷേ കളിയിലെ കേമന്‍പ്പട്ടം ലഭിച്ചത് 32 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ് നേടിയ വിജയ് ശങ്കറിനാണ്. ദയനീയമായിരുന്നു ബംഗ്ലാ ബാറ്റിംഗ്. സാമാന്യം മെച്ചപ്പെട്ട തുടക്കമാണ് തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാരും ടീമിന് നല്‍കിയത്. പക്ഷേ തുടര്‍ന്നുവന്നവരില്‍ ലിട്ടോണ്‍ ദാസ് മാത്രമാണ് (34) പൊരുതിയിത്. മധ്യനിരയും വാലറ്റവും തകര്‍ന്നപ്പോള്‍ 30 റണ്‍സ് നേടിയ സബീര്‍ റഹ്മാന്‍ ഒരറ്റത്ത് പിടിച്ചുനിന്നു. പുതിയ പന്തെടുത്ത ജയ്‌ദേവ് ഉത്കണ്ഠ് മനോഹരമായാണ് പന്തെറിഞ്ഞത്. 38 റണ്‍സിനാണ് യുവസീമര്‍ മൂന്ന് വിക്കറ്റ് നേടിയത്. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് പെട്ടെന്ന് പുറത്തായെങ്കിലും ധവാന്‍ ഉജ്ജ്വല ഫോമിലായിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലംു അദ്ദേഹം കരുത്ത് കാട്ടി 55 റണ്‍സ് നേടി. 28 റണ്‍സ് നേടിയ സുരേഷ് റൈനയും മികവ് തെളിയിച്ചു. പുറത്താവാടെ 27 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് വിജയ റണ്‍ നേടിയത്.
ത്രിരാഷ്ട്ര ടി-20: കടുവകളെ മെരുക്കി ഇന്ത്യ; ആറ് വിക്കറ്റ് ജയം
Tags: india vs bangladeshT20