പാരിസ്: ലിബിയന്‍ മുന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേസ് തന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. 41 വര്‍ഷം ലിബിയ ഭരിച്ച ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാലത്ത് പാശ്ചാത്യ രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് വിമതരെ സഹായിക്കാന്‍ ഫ്രാന്‍സ് വ്യോമാക്രമണം നടത്തിയതിന് പ്രതികാരം ചെയ്യാന്‍ ചിലര്‍ കെട്ടിച്ചമച്ചതാണ് ഈ ആരോപണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ വ്യക്തമായ തെളിവില്ല. നരകത്തിലാണ് താനിപ്പോള്‍ ജീവിക്കുന്നത്-അദ്ദേഹം മജിസ്‌ട്രേറ്റുമാരോട് പറഞ്ഞു. 2007ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖദ്ദാഫിയില്‍നിന്ന് 50 ലക്ഷം യൂറോ കൈപ്പറ്റിയ കേസില്‍ അറസ്റ്റിലായ സര്‍ക്കോസിയെ രണ്ടു ദിവസമായി അന്വേഷണ സംഘം ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഖദ്ദാഫിയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സര്‍ക്കോസി. എന്നാല്‍ 2011ലെ പ്രക്ഷോഭ കാലത്ത് ഖദ്ദാഫിയെ സഹായിക്കാന്‍ അദ്ദേഹം തയാറായില്ലെന്ന് മാത്രമല്ല, വ്യോമാക്രമണം നടത്തി വിമതരെ സഹായിക്കുകയും ചെയ്തു. അധികാരഭ്രഷ്ടനാക്കപ്പെട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഖദ്ദാഫിയുടെ വാഹനവ്യൂഹത്തിനുനേരെ വ്യോമാക്രമണം നടത്തിയതും ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള നാറ്റോ സേനയായിരുന്നു. വ്യോമാക്രമണത്തെ തുടര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിയ ഖദ്ദാഫിയെ വിമതര്‍ പിടികൂടി ഭീകരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.