കരാകാസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് വെനസേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോ. ട്രംപിനെ ‘പന്നി’ എന്ന് വിളിച്ചാണ് മഡുറോ രംഗത്തെത്തിയത്. മുസ്‌ലിം വിരുദ്ധയുള്‍പ്പെടെയുള്ള ട്രംപിന്റെ നടപടികള്‍ക്കും നയങ്ങള്‍ക്കുമെതിരെ വിവിധ രാജ്യങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് മഡൂറോ വിമര്‍ശിക്കുന്നത്. ‘ നിങ്ങളുടെ പന്നിക്കരങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോകൂ’ എന്നാണ് ട്രംപിനെതിരെ മഡുറോ ആഞ്ഞടിച്ചത്.
ഇന്നലെയാണ് ട്രംപിനെതിരെയുള്ള വിമര്‍ശനം. ‘വീട്ടിലേക്ക് പോകൂ, നിങ്ങളുടെ പന്നിക്കരങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോകൂ’ എന്ന് മഡൂറോ പറയുകയായിരുന്നു. വെനസ്വേല സുപ്രീംകോടതിയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതാണ് അമേരിക്കക്കെതിരെ തിരിയാന്‍ മഡുറോയെ പ്രേരിപ്പിച്ചത്. അമേരിക്കയുടെ നടപടി വെനസേലയെ അസ്ഥിരപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് വെനസേലന്‍ വിദേശകാര്യമന്ത്രി ഡെല്‍സി റോഡ്രിഗസ് പറഞ്ഞു.
അമേരിക്കന്‍ പിന്തുണയുള്ള പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള അസംബ്ലിയുടെ അധികാരങ്ങള്‍ ഈയിടെ സുപ്രീംകോടതി എടുത്തുകളഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് രാജ്യമെങ്ങും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്കും പ്രതിപക്ഷത്തിനും അമേരിക്ക സഹായം ചെയ്യുന്നു എന്നാണ് ഭരണകക്ഷി ആരോപിക്കുന്നത്. നേരത്തെ ട്രംപ് വെനസേലയെ വിമര്‍ശിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യം ദാരിദ്ര്യത്തില്‍ പെട്ടുഴലുന്നത് മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ അതിനുശേഷമാണ് മഡുറോ ട്രംപിനെതിരെ രംഗത്തെത്തിയത്.