വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ യു.എന്‍ അംബാസഡറായി ഇന്ത്യന്‍ വംശജയായ സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലിയെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. യു.എസ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശയാണ് നിക്കി ഹാലി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഹാലി പരിഗണിക്കപ്പെടുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
സൗത്ത് കരോലിന ഗവര്‍ണറായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്. ഗവര്‍ണറെന്ന നിലയില്‍ വ്യാപാര, തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും വിദേശ നയങ്ങളില്‍ പരിചയം കുറവാണ്.
കാബിനറ്റ് പദവിയെന്ന നിലയില്‍ ഹാലിയെ യു.എന്‍ അംബാസഡറായി നിയമിക്കാന്‍ യു.എസ് സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിയമിക്കാനുള്ള റിപ്പബ്ലിക്കന്‍ പ്രൈമറി നടക്കുമ്പോള്‍ ട്രംപിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഹാലി. സെനറ്റര്‍ മാര്‍കോ റുബിയോക്കായിരുന്നു അവരുടെ പിന്തുണ. പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹാലി ട്രംപിന്റെ പക്ഷത്തേക്ക് മാറുകയും അദ്ദേഹത്തിന് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.