X

വരാണസിയില്‍ മോദിയുടെ വാഹനത്തിന് നേരെ ചെരിപ്പേറ്

നരേന്ദ്ര മോദിയുടെ കാറിനുനേരെ ചെരിപ്പെറിഞ്ഞു. തന്റെ മണ്ഡലമായ വാരാണസിയില്‍ സന്ദര്‍ശനത്തിനിടെ ബുധനാഴ്ച മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളില്‍ ചെരിപ്പ് വന്നു വീണത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ ചെരിപ്പെടുത്ത് മാറ്റുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം മോദി ആദ്യമായാണ് മണ്ഡലത്തിലെത്തിയത്. റോഡരികില്‍ ജനക്കൂട്ടം തിങ്ങിനില്‍ക്കുന്നതിനിടയില്‍നിന്നാണ് ചെരിപ്പ് കാറിന്റെ ബോണറ്റില്‍വന്നു വീണത്. മോദിയുടെ ബുള്ളറ്റ് പ്രൂഫ് കാറിനുനേര്‍ക്ക് ചെരിപ്പ് വന്നു വീണത് സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്. ചെരിപ്പ് എറിഞ്ഞയാളെ പിടികൂടിയോ എന്നതൊന്നും വ്യക്തമല്ല.

വാരാണസിയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന അവകാശവാദവുമായി മത്സരിക്കാനിറങ്ങിയ മോദിയെ വിറപ്പിച്ചുവിട്ടാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ഇക്കുറി കീഴടങ്ങിയത്. വോട്ടെണ്ണലിനിടെ, ഒരു ഘട്ടത്തില്‍ റായിക്കുമുന്നില്‍ 6000ലേറെ വോട്ടിന് പിന്നിലായിരുന്നു മോദി. ഒടുക്കം ഒന്നരലക്ഷം വോട്ടിന്റെ നിറംകെട്ട ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. മോദി പ്രഭാവം ഇന്ത്യയൊട്ടുക്കും ആഞ്ഞടിക്കുമെന്ന് വീമ്പുപറഞ്ഞ് മത്സരിച്ച തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ബി.ജെ.പിക്ക് കനത്ത ആഘാതമായി.

2019 ല്‍ മോദിക്കെതിരെ മത്സരിച്ചപ്പോള്‍ 4.79 ലക്ഷം വോട്ടിനാണ് അജയ് റായ് തോറ്റത്. ഇത്തവണ വീണ്ടും റായ് തന്നെ എതിരാളിയായതോടെ ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വീരവാദം. പക്ഷേ, കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഒന്നാന്തരമായി ഒത്തുപിടിച്ചപ്പോള്‍ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുത്തനെ കുറയുകയായിരുന്നു.

webdesk13: