X

നിക്കരാഗ്വ പ്രക്ഷോഭം: മരണം 280 കവിഞ്ഞു

 

മനാഗ്വ: നിക്കരാഗ്വയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 280 കവിഞ്ഞു. കഴിഞ്ഞ ദിവസം പത്ത് വയസ്സുകാരി ഉള്‍പ്പെടെ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സൈനിക നടപടിക്കിടെ വയറിന് വെടിയേറ്റ പെണ്‍കുട്ടി യഥാസമയം ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും തുടരുന്ന ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തെ ഒര്‍ട്ടേഗ പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുകയാണ്. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും ഷാര്‍പ്പ്ഷൂട്ടര്‍മാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിപക്ഷ ശക്തികേന്ദ്രമായ മസായയില്‍ പ്രതിഷേധക്കാരുടെ ബാരിക്കേഡുകള്‍ സൈന്യം നീക്കിത്തുടങ്ങിയിട്ടുണ്ട്. മുഖംമൂടി ധരിച്ച ഒരുസംഘം വാഹനത്തിലെത്തി വെടിവെച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കല്ലുകളും നാടന്‍ ബോംബുകളും ഉപയോഗിച്ചാണ് പ്രക്ഷോഭകര്‍ തിരിച്ചടിച്ചത്. തലസ്ഥാനമായ മനാഗ്വയില്‍ സൈന്യത്തിന്റെ ഉപരോധത്തിലുള്ള ചര്‍ച്ചില്‍നിന്ന് 200ഓളം സര്‍വകലാശാല വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് നിക്കരാഗ്വയിലെ വിദ്യാര്‍ത്ഥികളാണ് സൈന്യത്തിന്റെ വെടിവെപ്പിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ ചര്‍ച്ചില്‍ കുടുങ്ങിയത്. പ്രക്ഷോഭം മൂന്നുമാസം പിന്നിട്ടുകഴിഞ്ഞു. ഏപ്രിലില്‍ പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ക്കെതിരെ തുടങ്ങിയ പ്രക്ഷോഭം ഒര്‍ട്ടേഗ ഭരണകൂടത്തിനെതിരെയുള്ള ജനരോഷമായി വളരുകയായിരുന്നു. ഒര്‍ട്ടേഗയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയ മുറില്ലോയും രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ രാജിവെക്കില്ലെന്ന് ഒര്‍ട്ടേഗ വ്യക്തമാക്കിയിട്ടുണ്ട്.

chandrika: