നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പ്രോസിക്യൂഷനെ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടന്നാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് കേസ് പരമാവധി നീട്ടാന്‍ ശ്രമിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് മുന്‍പ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയാണ്. പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടന്ന കേസാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. ലോകത്തുള്ള മലയാളികള്‍ മുഴുവനും സാക്ഷികളാണ്. ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേല്‍ കയറി മുണ്ട് മടക്കിക്കുത്തി നില്‍ക്കുന്ന ചിത്രം കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ലക്ഷക്കണക്കിന് മനുഷ്യര്‍ നേരിട്ട് കണ്ടൊരു കുറ്റകൃത്യം ലോകത്തുണ്ടായിട്ടില്ല. എന്നിട്ടും കുറ്റകൃത്യം നേരിട്ട് കണ്ട ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി നിയമ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. പൊലീസിനെ പോലെ സര്‍ക്കാര്‍ പ്രോസിക്യൂഷനെയും ദുരുപയോഗപ്പെടുത്തുകയാണ് എന്നും വി ഡി സതീശൻ പറഞ്ഞു.