വിയ്യൂര്‍: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഐ.എസ് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം വിയ്യൂര്‍ ജയിലില്‍ എത്തി. കനകമല ഐ.എസ് തീവ്രവാദ കേസിലെ കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ ഒന്നാം പ്രതി മന്‍സീദ്, ഒമ്പതാം പ്രതി റയ്യാന്‍ എന്ന സഫ്‌വാന്‍ എന്നിവരെയാണ് വിയ്യൂര്‍ ജയിലിലെത്തി എന്‍.ഐ.എ സംഘം ചോദ്യം ചെയ്യുക. എറണാകുളം എന്‍.ഐ.എ പ്രത്യേക കോടതിയുടെ അനുമതി പ്രകാരമാണ് വിയ്യൂര്‍ ജയിലിലെത്തി എന്‍.ഐ.എ സംഘം ചോദ്യം ചെയ്യുന്നത്.
മന്‍സീദും ഷെഫിന്‍ ജഹാനും ഒരേ വാട്‌സ് ആപ് ഗ്രൂപ്പില്‍ അംഗങ്ങളായതാണ് എന്‍.ഐ.എ സംശയത്തിന് കാരണമായി പറയുന്നത്. കൂടാതെ, സഫ്‌വാനുമായി ഷെഫിന്‍ ജഹാന് അടുപ്പമുള്ളതായും എന്‍.ഐ.എ ആരോപിക്കുന്നുണ്ട്. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണെത്ര എന്‍.ഐ.എക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്.
അതേസമയം ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. എന്‍.ഐ.എക്കൊപ്പം ഐ.ടി വിദഗ്ധരും ജയിലിലെത്തുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങള്‍ പാടില്ലെന്ന് കോടതി എന്‍.ഐ.എയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഷെഫിന്‍ ജഹാന്‍ അടക്കം 30 പേരില്‍ നിന്ന് എന്‍.ഐ.എ മൊഴിയെടുത്തിട്ടുണ്ട്. ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എ ഹാജരാക്കും.