കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനം എൻ.ഐ.എ അന്വേഷിക്കണമെന്ന് യു.ഡി.വൈ.എഫ് സംസ്ഥാന ചെയർമാൻ രാഹുൽ മാങ്കൂട്ടത്തിൽ, കൺവീനർ പി.കെ ഫിറോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളാ പൊലീസിന്റെ അന്വേഷണം യാഥാർത്ഥ രീതിയിൽ മുന്നോട്ട് പോകുന്നില്ല.
സംഭവസ്ഥലത്ത് മുഴുവൻ തെളിവുകളും നശിപ്പിക്കാൻ പ്രതികൾക്ക് അവസരം നൽകിയതിന് ശേഷം മാത്രമാണ് പൊലീസെത്തിയത്. ബോംബ് നിർമ്മാണത്തിലെ പ്രധാന സാമാഗ്രികളായ സ്ഫോടക വസ്തുക്കളെയും രാസപദാർത്ഥങ്ങളെയും കുറിച്ച് അന്വേഷണം എവിടെയും എത്തിയില്ല. മുള്ളാണി , കുപ്പിച്ചില്ല് തുടങ്ങിയ അപ്രധാന വസ്തുക്കളെ കുറിച്ചുള്ള അന്വേണത്തിലാണ് കേരളാ പോലീസ്. സ്ഫോടനവുമായി സി.പി.എമ്മിന് പങ്കില്ലെന്നും ഡി.വൈ.എഫ്.ഐ തങ്ങളുടെ പോഷക സംഘടനയല്ലെന്നുമാണ് പാർടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. അങ്ങിനെയെങ്കിൽ ഡി.വൈ.എഫ്.ഐ പാർട്ടിയുടെ ബോംബ് നിർമ്മാണ സംഘമാണോ എന്ന് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കണം. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് മൽസരിക്കുന്നത് പാർട്ടി ചിഹ്നത്തിലാണെന്നും സ്റ്റീൽ ബോംബ് ചിഹ്നത്തിലല്ലെന്നും പൊതിച്ചോറിന് പകരം കൊലച്ചോറ് രാഷ്ട്രീയ പ്രതിയോഗികൾക്ക് കൊടുക്കുന്ന പണി ഡി.വൈ.എഫ്.ഐ നിർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
യുവജന സംഘടനയെ തളിപ്പറഞ്ഞതോടെ പാർട്ടി സെക്രട്ടറി ഡി.വൈ.എഫ്.ഐയിലെ സാധാരണ പ്രവർത്തകരെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ബോംബ് നിർമ്മാണത്തെക്കുറിച്ചുള്ള അന്വേഷണം ഷാജലിൽ മാത്രം എത്തി നിൽക്കുകയാണ്.തുടർ അന്വേഷണം നടത്തിയാൽ ഉന്നതരായ പല സി.പി.എം നേതാക്കളിലും എത്തുമെന്ന ഭയം കൊണ്ടാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിലും പി.കെ ഫിറോസും ആരോപിച്ചു.