ഡല്‍ഹി: കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടീസ്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയ്ക്ക് എതിരായ കേസില്‍ ഞായറാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ എന്‍ഐഎ നടപടി കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമമാണെന്ന് സിര്‍സ ആരോപിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് സിര്‍സ. കേന്ദ്രസര്‍ക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങള്‍ക്കിടയില്‍ സിര്‍സ വെറുപ്പുണ്ടാക്കുകയും ചെയ്തുവെന്നാണ് എസ്എഫ്‌ജെയുടെ ഗുര്‍പത്വന്ത് സിങ് പന്നു ആരോപിച്ചിരിക്കുന്നത്. ഈ കേസിലാണ് ഞായറാഴ്ച ന്യൂഡല്‍ഹിയിലെ എന്‍ഐഎ കേന്ദ്ര ആസ്ഥാനത്ത് അദ്ദേഹം ഹാജരാകേണ്ടത്.
വെള്ളിയാഴ്ച കേന്ദ്രവുമായി നടന്ന ഒന്‍പതാം വട്ട യോഗത്തില്‍ എല്‍ബിഐഡബ്ല്യുഎസിനെ പ്രതിനിധീകരിച്ച് പുരന്‍ സിങ് ആണ് പങ്കെടുത്തത്. അതേസമയം, കര്‍ഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിര്‍സ പ്രതികരിച്ചു. ആദ്യമവര്‍ സുപ്രീം കോടതി വഴി സമരം പൊളിക്കാന്‍ നോക്കി. ഇപ്പോള്‍ എന്‍ഐഎയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.