കൊച്ചി: യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരടക്കമുള്ള വ്യക്തികളുടെ പങ്ക് അന്വേഷിക്കുന്നതിലൂടെ മാത്രമേ സ്വര്‍ണക്കടത്ത് കേസന്വേഷണം പൂര്‍ണമാകുകയുള്ളൂവെന്ന് എന്‍ഐഎ. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍,പിഎസ് സരിത്, കെ ടി റമീസ് അടക്കമുളളവരുടെ റിമാന്റ് കാലാവധിനീട്ടണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ അന്വേഷണ സംഘം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗൂഢാലോചനയില്‍ അടക്കം സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. കേസിലെ പ്രതികള്‍ ഗൂഡാലോചന നടത്തി പല തവണ വിദേശത്തു നിന്നും ഇന്ത്യയിലെ പലവിമാനത്താവളങ്ങള്‍ വഴി പ്രത്യേകിച്ച് കേരളം വഴി വലിയ അളവില്‍ സ്വര്‍ണം കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ വെളിപ്പെടുത്തി.
കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു പ്രധാനമായും കടത്ത്. ഇന്ത്യയിലും വിദേശത്തുമുള്ള, വന്‍സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട വിശാലമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഡിപ്പോമാറ്റിക് ബാഗേജ് വഴിയാണ്പലപ്പോഴും സ്വര്‍ണം കടത്തിയിട്ടുള്ളത്. ഇത് പലര്‍ക്കായിവിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതില്‍ നിന്ന് പ്രതികള്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, കടത്ത് തീവ്രവാദഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും എന്‍ഐഎ പറയുന്നു.
അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്കും, കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിലെ ഗൂഢാലോചനയില്‍ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം. സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചന സാമുഹ്യമാധ്യമങ്ങലൂടെയാണ് നടന്നത്. ഇതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പിടിച്ചെടുത്ത ഇലക്ടോണിക് ഉപകരണങ്ങളെല്ലാം തിരുവനന്തപുരത്തെ സി ഡാക് ഓഫീസില്‍ സൈബര്‍ ഫൊറന്‍സിക് അനാലിസിസിനായി നല്‍കിയിട്ടുണ്ട്.
ഇത് വിശദമായിപരിശോധിച്ച് വരികയാണ്. ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. അത് ലഭിക്കുന്ന പക്ഷം, ഡിജിറ്റല്‍ തെളിവുകള്‍ കൂടി മുന്‍നിര്‍ത്തി, പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നു കേസിലെ പ്രതികളുടെ റിമാന്റ് കാലാവധിനീട്ടി.