X

മതംമാറ്റവും വിവാഹവും; എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ഹാദിയക്ക് അനുകൂല പരാമര്‍ശമെന്ന്

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മതംമാറ്റ വിഷയത്തില്‍ ഹാദിക്ക് അനുകൂല പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ട്.

ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹാദിയക്ക് അനുകൂല പരാമര്‍ശമുള്ളതായി എന്‍ഐഎയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹാദിയയുടെ വിവാഹം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും മതംമാറാന്‍ പണമോ മറ്റു വല്ല പാരിതോഷികങ്ങളോ ഹാദിയ വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

“സ്വന്തം ഇച്ഛാശക്തിയിലാണ് താന്‍ ജഹാനെ വിവാഹം ചെയ്തതെന്നും മതംമാറ്റം സ്വമേധയായായിരുന്നുവെന്നും”, ഹാദിയ വ്യക്തമാക്കിയതായി ഉന്നത അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മതം മാറ്റത്തിനോ മറ്റോ ആയി തനിക്ക് പ്രതിഫലം ലഭിച്ചെന്ന ആരോപണവും ഹാദിയ നിഷേധിച്ചതായും, അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഹാദിയയുടെ മാനോനില തകരാറിലാണെന്ന പിതാവ് അശേകന്റെ വാദവും തെളിയിക്കാനായിലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അന്വേഷണത്തില്‍ ഹാദിയയില്‍ മാനസികമായി എന്തെങ്കിലും പ്രശ്‌നമുള്ളതായി അന്വേഷണത്തില്‍ തെളിയിക്കാനായില്ലെന്നും, ഉന്നത ഉദ്യോഗസ്ഥന്‍ കൂട്ടിചേര്‍ത്തു.

മതപരിവര്‍ത്തനത്തിന് സഹായിക്കുന്ന ഏതെങ്കിലും സംഘടനയുമായി ഹാദിയക്ക് ബന്ധമുള്ളതായോ, മറ്റുള്ളവരുമായുള്ള വല്ല സാമ്പത്തിക സഹായങ്ങളെ സംബന്ധിച്ചോ എന്തങ്കിലും സൂചന അന്വേഷണത്തില്‍ എന്‍.ഐ.എക്ക് ലഭില്ലെന്നാണ് വിവരം. അതേസമയം മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അരോപണത്തിന് വിധേയമായ സംഘടനകളെ എന്‍.ഐ.എ ലിസ്റ്റു ചെയ്തിട്ടുണ്ട്.

അതിനിടെ, ഹാദിയയുടെ തല്‍സ്ഥിതി അന്വേഷിച്ച് കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം മൊഴിയെടുത്തിരുന്നത്. ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയ എന്‍.ഐ.എ സംഘം ഹാദിയ, അച്ഛന്‍ അശോകന്‍, അമ്മ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതിനു പുറമെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷെഫിന്‍ ജഹാനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 27ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍.ഐ.എ അന്വേഷണം ത്വരിതപ്പെടുത്തിയത്. മുദ്രവെച്ച കവറിലാണ് എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഹാദിയെ ഇന്ന് വൈകുന്നേരം ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് ഹാദിയയുടെ യാത്ര.തിങ്കളാഴ്ചയാണ് ഡോഹാദിയയുടെ മൊഴി നേരിട്ട് കേള്‍ക്കാനും രേഖപ്പെടുത്താനും വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാക്കുക.

അതേസമയം സുരക്ഷാ പ്രശ്നങ്ങല്‍ മുന്‍ നിര്‍ത്തി യാത്രാ വിവരങ്ങള്‍ പൊലീസ് അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് നേരത്തെ നിശ്ചയിച്ചിരുന്ന ട്രെയിന്‍യാത്ര ഒഴിവാക്കിയിരുന്നു. അച്ഛന്‍, അമ്മ എന്നിവരും ഹാദിയക്കൊപ്പമുണ്ടാകും. നേരിട്ട് മൊഴി നല്‍കാന്‍ ഹാദിയയെ 27ന് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ അകമ്പടിയോടെ അവരെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ഹാദിയയെ സുപ്രീം കോടതില്‍ ഹാജരാക്കുക.

chandrika: