X

ഹാദിയക്കെതിരെ എന്‍.ഐ.എ; മൊഴി കണക്കിലെടുക്കരുതെന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയക്കെതിരെ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍ അറിയിച്ചു. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും എന്‍.ഐ.എ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് നാലു മുദ്ര വെച്ച കവറുകളിലായാണ് സുപ്രീം കോടതിക്ക് വ്യാഴാഴ്ച കൈമാറിയത്. ഇതില്‍ ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവ സംബന്ധിച്ച്, ഹാദിയ, ഷെഫിന്‍ ജഹാന്‍, അശോകന്‍, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികള്‍, സൈനബ, അബൂബക്കര്‍ തുടങ്ങി 15 ഓളം പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും ആരും നിര്‍ബന്ധിച്ചിട്ടല്ല മതം മാറിയതെന്നും ഹാദിയ നേരത്തെ നല്‍കിയ മൊഴിയിലുണ്ട്. അതിനിടെ, ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടേയും ഹാദിയ ഇതേ മൊഴി ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഈ മൊഴി കണക്കിലെടുക്കാനാകില്ലെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും എന്‍.ഐ.എ പറയുന്നു.

നാളെ തുറന്ന കോടതിയിലാണ് സുപ്രീംകോടതി ഹാദിയയെ കേള്‍ക്കുക. ഡല്‍ഹിയിലെത്തിയ ഹാദിയ കേരളഹൗസിലാണ് താമസം. വന്‍സുരക്ഷയാണ് ഹാദിയക്കായി ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രിം കോടതി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ഷെഫിന്‍ ജഹാന്‍ സുപ്രിം കോടതി അഭിഭാഷകരായ കപില്‍ സിബല്‍, ഹാരിസ് ബീരാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഹാദിയ നിലപാട് വ്യക്തമാക്കിയതിനാല്‍ എന്‍.ഐ.എയുടെയും അച്ഛന്‍ അശോകന്റെയും വാദം അപ്രസക്തമാണെന്നും, കോടതി തീരുമാനം വൈകരുതെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ നാളെ ആവശ്യപ്പെടും. ഹാദിയ കേസിനെ സംബന്ധിച്ച് എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

chandrika: