X

മന്ത്രി കെടി ജലീലിന്റെ മൊഴി എന്‍.ഐ.എ ഇന്ന് വിശദമായി പരിശോധിക്കും

കൊച്ചി: മന്ത്രി കെടി ജലീലിന്റെ മൊഴി എന്‍.ഐ.എ ഇന്ന് വിശദമായി പരിശോധിക്കും. ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തത് മന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്നറിയാനാണ്. സ്വപ്‌നയടക്കമുള്ള പ്രതികള്‍ നടത്തിയ സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് മന്ത്രി അറിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു. പ്രോട്ടോക്കോള്‍ പാലിക്കാതെ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയത് എന്തിനെന്ന് ചോദ്യം ഉണ്ടായതായി സൂചനയുണ്ട്. ഇന്നലെയാണ് ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത്.

മന്ത്രി ഇഡിക്ക് നല്‍കിയ മൊഴിയും എന്‍.ഐ.എയുടെ പക്കല്‍ ഉണ്ട്. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് ഇതും എന്‍.ഐ.എ പരിശോധിക്കുന്നത്. മന്ത്രി നല്‍കിയ വിശദീകരണങ്ങള്‍ എന്‍.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരുകയാണ്. വിശദീകരണം വേണ്ടി വന്നാല്‍ മന്ത്രിയെ വീണ്ടും വിളിപ്പിച്ചേക്കാം.

മതഗ്രന്ഥം കൊണ്ടുവന്നതിലെ തൂക്കവ്യത്യാസം അറിഞ്ഞിരുന്നോ എന്നതടക്കം മന്ത്രിയോട് ചോദിച്ചതായാണ് വിവരം. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പ്രധാനമായും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെ കുറിച്ച് തന്നെയാണ് മന്ത്രിയില്‍ നിന്നും വിശദീകരണം തേടിയത്. പ്രധാനമായും സ്വപ്‌ന സുരേഷുമായി നടത്തിയ ആശയ വിനമയങ്ങളെ കുറിച്ചായിരുന്നു ഇത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയല്ലാത്ത സ്വപ്‌നയെ എന്തിന് ബന്ധപ്പെട്ടതെന്തിന് എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉണ്ടായതെന്നാണ് സൂചന. റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മാത്രമാണ് സ്വപ്‌നയുമായി ആശവിനിമയം നടത്തിയത് എന്നായിരുന്നു നേരത്തെ മന്ത്രിയുടെ വാദം. ഇത് തന്നെ മന്ത്രി ആവര്‍ത്തിച്ചുവെന്നാണ് സൂചന.

എന്നാല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റ് ചില ആവശ്യങ്ങള്‍ക്കും മന്ത്രി സ്വപ്‌ന വഴി ആശയവിനമയം നടത്തിയതായി എന്‍.ഐ.എക്ക് കണ്ടെത്താനായിട്ടുണ്ട്. ഇക്കാര്യങ്ങളിലും മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിയുടെ ഓഫീസിനെ സ്വര്‍ണ്ണക്കടത്തിന് പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും എന്‍.ഐ.എയ്ക്ക് ഉണ്ടായി. എന്നാല്‍ അത് ഉണ്ടായിട്ടില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയതെന്നാണ് സൂചന. ഫോണ്‍ രേഖകളും വാട്‌സ്ആപ്പ് ചാറ്റുകളും പരിശോധിച്ചതിന് ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.

chandrika: