തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് വിദേശസഹായം സ്വീകരിച്ച മന്ത്രി കെ.ടി ജലീലിനെ വരിഞ്ഞുമുറുക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍. കേന്ദ്രധനകാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ജലീലിനെതിരെ എന്‍ഐഎ അന്വേഷണവും ഉണ്ടായേക്കുമെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സാമൂഹിക സാംസ്‌കാരിക പരിപാടികളുടെ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ സാമ്പത്തിക സഹായം സ്വീകരിച്ചെന്നാണ് ജലീലിനെതിരായ പരാതി. അഞ്ച് ലക്ഷം രൂപ സ്വീകരിച്ചുവെന്ന് മന്ത്രി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. വിദേശ സഹായം സ്വീകരിച്ചെന്ന് മന്ത്രി തന്നെ സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.
കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണ് 500 രൂപയുടെ ആയിരം റമസാന്‍ കിറ്റുകള്‍ കൈപ്പറ്റിയതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വിദേശനാണ്യ ചട്ടലംഘനം ഉള്‍പ്പെടെ ധനകാര്യമന്ത്രാലയം പരിശോധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കും. ചട്ടലംഘനം സംബന്ധിച്ച് ധനകാര്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം വരുന്നതോടെ മന്ത്രിക്കെതിരെ എന്‍ഐഎ അന്വേഷണവും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം തന്നെയായിരിക്കും മന്ത്രിക്കെതിരെയും അന്വേഷണം നടത്തുകയെന്നാണ് വിവരം.
കേന്ദ്ര ഏജന്‍സികള്‍ കൂട്ടത്തോടെ അന്വേഷണവുമായി രംഗത്ത് വരുന്നതോടെ മന്ത്രിയും സര്‍ക്കാറും കൂടുതല്‍ കുരുക്കിലാവും. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധവും വിദേശ പണമിടപാട് ആരോപണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജലീലിനെതിരെ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം.
അതിനിടെ നിരന്തരം വിവാദങ്ങളില്‍പ്പെടുന്ന കെ.ടി ജലീലിനെതിരെ ഇടതു മുന്നണിയില്‍ കടുത്ത അതൃപ്തിയുണ്ട്. അഴിമതി, സ്വജനപക്ഷപാതം, ബന്ധുനിയമനം, ഔദ്യോഗിക പദവി ദുരുപയോഗം തുടങ്ങി അനവധി ആരോപണങ്ങളാണ് ജലീലിനെതിരെ ഉയരുന്നത്. അപ്പോഴെല്ലാം മുഖ്യമന്ത്രിയാണ് ജലീലിനെ സംരക്ഷിച്ചത്. എന്നാല്‍ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മന്ത്രി ഇനി തുടരേണ്ട നിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജലീലിനെ രാജിവെപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.