ആ പായ്ക്കറ്റുകള്‍ പോയത് എങ്ങോട്ടെല്ലാം? സി ആപ്റ്റില്‍ നിന്ന് വാഹനത്തിന്റെ യാത്രാ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി കൊണ്ടുവന്ന പായ്ക്കറ്റുകളുടെ യാത്രാ രേഖകള്‍ ശേഖരിക്കാന്‍ എന്‍ഐഎ. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ സിആപ്റ്റിലെ വട്ടിയൂര്‍ക്കാവിലെ ഓഫീസില്‍ എന്‍ഐഎ വീണ്ടും പരിശോധന നടത്തുകയാണ്. ചൊവ്വാഴ്ച മൂന്ന് ഘട്ടങ്ങളിലായി ഇവിടെ എന്‍ഐഎ പരിശോധന നടത്തുകയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സി ആപ്റ്റ് മുന്‍ ഡയറക്ടറും ഇപ്പോള്‍ എല്‍ബിഎസ് ഡയറക്ടറുമായ എം. അബ്ദുല്‍ റഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്രാ രേഖകള്‍ ശേഖരിക്കുന്നുണ്ട്. വാഹനത്തിന്റെ ജിപിഎസ് സംവിധാനവും പരിശോധിക്കും.

മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റില്‍ എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ ഇവിടത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളിലെത്തിച്ചത്. നേരത്തെ കസ്റ്റംസും പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

നേരത്തെ, പായ്ക്കറ്റുമായി മലപ്പുറത്തേക്ക് വാഹനം പോകുമ്പോള്‍ തൃശൂരിന് ശേഷം ജിപിഎസ് സംവിധാനം തകരാറിലായി എന്ന ആരോപണമുണ്ടായിരുന്നു. വിഷയത്തില്‍ ജീവനക്കാരെ കൊച്ചിയില്‍ വിളിച്ചു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

Test User:
whatsapp
line