ന്യൂഡല്‍ഹി: തന്നെ നിര്‍ബന്ധിച്ച് ഇസ്്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുകയും, ഐ.എസ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിയാസിന് ഐ.എസുമായി ബന്ധമില്ലെന്ന് എന്‍. ഐ.എ.
പ്രഥമ ദൃഷ്ട്യാ റിയാസിനെതിരായ ആരോപണങ്ങളിലൊന്നില്‍ പോലും തെളിവില്ലെന്നും ഐ.എസ് ബന്ധത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടുമായും റിയാസിന് ബന്ധമുള്ളതിന് തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും എന്‍. ഐ. എ അറിയിച്ചു. അതേ സമയം കേസില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും എന്നാല്‍ ഹാദിയ കേസില്‍ ഷഫിന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ട് അംഗമായിരുന്നെങ്കില്‍ റിയാസിന് അത്തരമൊരു ബന്ധമില്ലെന്നാണ് എന്‍.ഐ.എ പറയുന്നത്. ജിദ്ദയില്‍ നിന്നും തിരിച്ചെത്തിയ റിയാസിനെ ഈ മാസം മൂന്നിന് ചെന്നൈ വിമാനത്താവളത്തില്‍വെച്ചാണ് ഭാര്യ അക്ഷര ബോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തത്. റിയാസുമൊത്തുള്ള സെക്‌സ് വീഡിയോ കാണിച്ച് ഇസ്്‌ലാം മതത്തിലേക്ക് ബ്ലാക്ക്‌മെയില്‍ ചെയ്തു മതം മാറ്റിയെന്നും നിര്‍ബന്ധിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നുവെന്നും അക്ഷര പരാതിപ്പെട്ടിരുന്നു.
സഊദിയിലേക്കു കൊണ്ടു പോയ തന്നെ റിയാസ് ഐ.എസ് തീവ്രവാദികള്‍ക്കു ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. തന്നെ മതം മാറ്റിയതിന് റിയാസിന്റെ കുടുംബത്തിന് പാരിതോഷികം ലഭിച്ചതായും അതേ സമയം ചോദ്യം ചെയ്യലില്‍ വീഡിയോ താന്‍ എടുത്തിരുന്നെന്നും എന്നാല്‍ ഇത് അക്ഷരയുടെ സമ്മതത്തോടു കൂടിയാണെന്നും റിയാസ് അറിയിച്ചു. റിയാസിന്റെ ലാപ് ടോപ്, ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്‌ടോപ്, ഒരു പെന്‍ഡ്രൈവ് എന്നിവ റിയാസില്‍ നിന്നും പിടിച്ചെടുക്കുകയും തിരുവനന്തപുരത്തെ സി ഡാകില്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
എന്‍.ഐ.എയിലെ ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് റിയാസിനെ ചോദ്യം ചെയ്തത്. കേസില്‍ റിയാസിന്റെ മാതാവ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെയും ചോദ്യം ചെയ്യും. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ അസ്വാരസ്യമാണോ പരാതിക്കു കാരണമെന്ന് ഉറപ്പാക്കുന്നതിനായി പുനപരിശോധന നടത്തുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ റിയാസുമൊത്തുള്ള വിവാഹ ജീവിതത്തില്‍ അക്ഷര അസംതൃപ്തയായിരുന്നെന്നും ഇസ്്‌ലാമിക പ്രാര്‍ത്ഥനകളും ഡ്രസ് കോഡും സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നത് മനസിലായതായും എന്‍. ഐ.എ പറയുന്നു. സാമ്പത്തിക കാരണങ്ങളാല്‍ വിവാഹത്തില്‍ പ്രയാസമുണ്ടായിരുന്നതായും എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. തനിക്കെതിരായ ബലാത്സംഗം, ബ്ലാക്ക് മെയില്‍, ഐ.എസ് ബന്ധം എന്നിവ റിയാസ് ചോദ്യം ചെയ്യലില്‍ നിരാകരിച്ചിരുന്നു. വിവാഹത്തിലെ പ്രശ്‌നങ്ങളാണ് പരാതിക്കു കാരണമെന്ന് റിയാസ് പറഞ്ഞിരുന്നു. ഈ സംഭവങ്ങള്‍ തങ്ങള്‍ പരിശോധിക്കുമെന്ന് എന്‍. ഐ.എ പറഞ്ഞു.
ബലാത്സംഗം, മറ്റ് ഐ.പി.സി വകുപ്പുകള്‍ മാത്രം നിലനില്‍ക്കുമോ എന്ന കാര്യം കോടതിയെ അറിയിക്കുമെന്നും എന്‍.ഐ.എ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ റിയാസ് ബംഗളൂരുവിലെ കോളജില്‍ വെച്ചാണ് അക്ഷര റിയാ സിനെ കണ്ടു മുട്ടുന്നത്. തങ്ങള്‍ പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നെന്നും റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ വശീകരിച്ച് ബലാത്സംഗം ചെയ്യുകയും വ്യാജ രേഖകളുണ്ടാക്കി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സഊദിയിലേക്കു കൊണ്ടു പോയെന്നുമാണ് അക്ഷര നല്‍കിയ പരാതി.