തിരുവനന്തപുരം: വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഡി.വൈ.എസ്.പി പിടിച്ചു തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലക്ക് പരിക്കേറ്റിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സനലിന്റെ തല വീണ്ടും റോഡിലിടിക്കുകയും ഇതേ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. സനലിന്റെ വലതു കയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നാളെ നല്‍കും.
അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം സനലിന്റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.
അതിനിടെ ഒളിവില്‍ പോയ ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എസ്.പി ആന്റണിക്കാണ് അന്വേഷണ ചുമതല. വകുപ്പുതല അന്വേഷണത്തിന്റെ ചുമതല എ.ഐ.ജി വിമലിനാണ്. അന്വേഷണ സംഘം രൂപീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും എത്രയും വേഗം അന്വേഷണം ആരംഭിക്കുമെന്നും എസ്.പി ആന്റണി പറഞ്ഞു.