തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിച്ചു. മകന്‍ അച്ഛന് ഒരുക്കിയ അന്ത്യവിശ്രമ സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ് അമ്പിളിയേയും അടക്കം ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് തര്‍ക്കങ്ങള്‍ക്കു സമരങ്ങള്‍ക്കും ഒടുവില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത് സര്‍ക്കാര്‍ രേഖാമൂലം നല്‍കണമെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അമ്പിളിയുടെ മൃതദേഹവുമായി നാലുമണിക്കൂറോളം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. രാജന്റെയും അമ്പളിയുടേയും മക്കളായ രാഹുലും രജ്ജിത്തും ഉള്‍പ്പടെയാണ് മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്നത്. ഒടുവില്‍ കലക്ടറെത്തി ഉറപ്പ് നല്‍കിയതോടെ സമരം അവസാനിച്ചു.
പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ഒഴിപ്പിക്കല്‍ നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടോയെന്നു സര്‍ക്കാരും പരിശോധിക്കും. ഒഴിപ്പിക്കല്‍ ഒഴിവാക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ അബദ്ധത്തില്‍ രാജന്റെയും അമ്പളിയുടെയും ശരീരത്തിലേക്ക് തീപടരുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ച രാജന്റെ സംസ്‌കാരം വൈകിട്ടു തന്നെ നടത്തിയിരുന്നു.