X

ബെര്‍നാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ നെയ്മര്‍ ശ്രമിച്ചോ? പിഎസ്ജി-ലൈപ്സിഷ് മത്സരത്തിന്റെ 56-ാം മിനുറ്റില്‍ സംഭവിച്ചതെന്ത്

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഫൈനലിലെത്തിയിരിക്കുകയാണ്. സെമി ഫൈനലില്‍ ലൈപ്സിഷിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് നെയ്മര്‍-ഡി മരിയ-എംബാപ്പെ ത്രയം കലാശപോരിന് യോഗ്യത നേടിയത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയും ഡിഫന്‍ഡര്‍ കിംബെബെയും മത്സരത്തില്‍ നിറഞ്ഞാടിയത്. 1997ന് ശേഷം ആദ്യമായാണ് പി എസ് ജി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഗോളൊന്നും നേടിയില്ലെങ്കിലും കളം നിറഞ്ഞ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും ഫ്രഞ്ച് താരം എംബാപ്പെക്കും സ്വന്തം പേരില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതിരുന്നത് ആരാധകരെ നിരാശരാക്കി.

ഇതിനിടെ, കളിയുടെ 56 ാം മിനുറ്റില്‍ യുവാന്‍ ബെര്‍നാറ്റ് നേടിയ പിഎസ്ജിക്കു നേടിയ മൂന്നാം ഗോളില്‍ നെയ്മര്‍ ആവശ്യമില്ലാതെ കാല്‍വെച്ചതും ഇപ്പോള്‍ നെയ്മര്‍ ആരാധകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇടതു മൂലയില്‍ നിന്നും ഡി മരിയ ഉയര്‍ത്തി നല്‍കിയ ഷോട്ട് ബെര്‍ണാറ്റിന് പോസ്റ്റിലേക്ക് തലവെച്ചു കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നു ആ ഗോളിന്. എന്നാല്‍ ലൈപ്സിഷ് ഗോളിയേയും കടന്ന് പോസ്റ്റിനുളളില്‍ പ്രവേശിച്ച ബോള്‍ വീണ്ടും അടിച്ചെടുക്കാന്‍ ശ്രമിച്ച നീക്കമാണ് ഇപ്പോള്‍ നെയ്മറിന് തന്നെ തിരിച്ചടിയായിരിക്കുന്നത്. ഗോളെന്നും ലഭിക്കാഞ്ഞതോടെ ബെര്‍ണാറ്റിന്റെ ഗോള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചോ എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്.

അതേസമയം, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ ആദ്യ പകുതിയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിംഗില്‍ കൂടി താരം തിളങ്ങിയിരുന്നെങ്കില്‍ മത്സരം നെയ്മറിസമാകുമായിരുന്നു.

മാര്‍ക്വുഞ്ഞോസ് (13), ഡി മരിയ (42), ബെര്‍നാറ്റ് (56) എന്നിവരാണ് പിഎസ്ജിക്കായി ലക്ഷ്യം കണ്ടത്. ടോട്ടന്‍ഹാമിനെയും ലിവര്‍പൂളിനെയും തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡിനെയും കെട്ടുകെട്ടിച്ച സെമിയിലെത്തിയ ലൈപ്സിഷിന്, എന്നാല്‍ നെയ്മര്‍, എംബാപ്പെ, ഡി മരിയ എന്നിവര്‍ അടങ്ങുന്ന സൂപ്പര്‍സംഘത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. കളിയുടെ പതിമൂന്നാം മിനിറ്റില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. മരിയയുടെ ഫ്രീകിക്കില്‍ നിന്ന് ബ്രസീല്‍ താരം മാര്‍ക്വിഞ്ഞോസ് ആണ് ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലൈപ്സിഗ് പ്രതിരോധനിര ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട പന്തില്‍ നിന്നായിരുന്നു മരിയയുടെ ഗോള്‍. 56-ാം മിനിറ്റില്‍ പി.എസ്.ജി വീണ്ടും സ്‌കോര്‍ ചെയ്തു. രണ്ട് ഗോളിന് അസിസ്റ്റ് ചെയ്യുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ഏഞ്ചല്‍ ഡി മരിയ മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കി.

ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.

chandrika: