X
    Categories: CultureViews

ആ തടസ്സവും നീങ്ങി, പി.എസ്.ജിയില്‍ നെയ്മര്‍ ഞായറാഴ്ച അരങ്ങേറും

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കു വേണ്ടി കളിക്കുന്നതിനുള്ള നെയ്മറുടെ തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ബ്രസീലിയന്‍ താരം ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച അരങ്ങേറും. 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സലോണയില്‍ നിന്ന് കൂടുമാറിയെത്തിയെങ്കിലും ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്ന് പി.എസ്.ജി ജഴ്‌സിയണിഞ്ഞ് കളിക്കളത്തിലിറങ്ങാന്‍ നെയ്മറിന് കഴിഞ്ഞിരുന്നില്ല.

സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ അയച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചതോടെയാണ് ആരാധകര്‍ കാത്തിരുന്ന അരങ്ങേറ്റത്തിന് വേദിയൊരുങ്ങിയത്.

ട്രാന്‍സ്ഫര്‍ തുകയായ 222 കോടി യൂറോയുടെ ചെക്ക് നെയ്മര്‍ ബാര്‍സലോണക്ക് കൈമാറിയിരുന്നെങ്കിലും ബാങ്കിങ് ഇടപാടുകളിലെ ചില തകരാറുകള്‍ കാരണം പണമാക്കി മാറ്റാന്‍ ബാര്‍സക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അയക്കാന്‍ താമസം നേരിട്ടത്.

ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ശനിയാഴ്ച പി.എസ്.ജിയുടെ ആദ്യ മത്സരം വി.ഐ.പി ഗാലറിയിരുന്നാണ് നെയ്മര്‍ കണ്ടത്. അമിയന്‍സിനെതിരായ മത്സരം ഏകപക്ഷീയമായ രണ്ട് ഗോളിന് പി.എസ്.ജി വിജയിച്ചു. ഞായറാഴ്ച ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30 ന് ഗ്വിന്‍ഗാംപിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ മെറ്റ്‌സിനെ അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഗ്വിന്‍ഗാംപ് തോല്‍പ്പിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: