പാരിസ്: ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മന്റെ വിജയക്കുതിപ്പിന് അറുതിയായി. സീസണില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ജയിച്ച പി.എസ്.ജിയെ മോണ്ട്പില്ലര്‍ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു. സീസണിലാദ്യമായി പോയിന്റ് നഷ്ടപ്പെടുത്തിയെങ്കിലും പി.എസ്.ജി തന്നെയാണ് ലീഗ് വണ്‍ ടേബിളില്‍ ഒന്നാം സ്ഥാനത്ത്.
ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നതിനു മുന്നോടിയായി സൂപ്പര്‍ താരം നെയ്മറിന് വിശ്രമം നല്‍കിയാണ് കോച്ച് ഉനായ് എംറി ടീമിനെ ഒരുക്കിയത്. 69 ശതമാനം പന്തടക്കമുണ്ടായിട്ടും 11 കോര്‍ണറുകള്‍ സമ്പാദിച്ചിട്ടും പി.എസ്.ജിക്ക് ലക്ഷ്യം കാണാനായില്ല.
മറ്റൊരു മത്സരത്തില്‍ ലില്ലെയെ നാലു ഗോളിന് തകര്‍ത്ത് മൊണാക്കോ കരുത്തു കാട്ടിയപ്പോള്‍ നീസിനെ അവരുടെ തട്ടകത്തില്‍ എയ്‌ഞ്ചേഴ്‌സ് സമനിലയില്‍ തളച്ചു. റഡമല്‍ ഫാല്‍ക്കാവോയുടെ ഇരട്ട ഗോളും ജൊവെറ്റിച്ച്, റാഷിദ് ഗസാല്‍ എന്നിവരുടെ ഗോളുകളുമാണ് മൊണാക്കോയ്ക്ക് കരുത്തായത്. എയ്‌ഞ്ചേഴ്‌സിനു വേണ്ടി മാത്യു പൗലോവിച്ച് ടോകോ എകാംബി എന്നിവരും നീസിനു വേണ്ടി മരിയോ ബലോട്ടലി (പെനാല്‍ട്ടി), ഇസ്മായില്‍ ട്രവോറെ (ഓണ്‍ ഗോള്‍) എന്നിവരും ലക്ഷ്യം കണ്ടു.
ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റോടെയാണ് പി.എസ്.ജി ലീഗില്‍ ലീഡ് ചെയ്യുന്നത്. 18 പോയിന്റോടെ മൊണാക്കോ തൊട്ടു പിന്നിലുണ്ട്. സെന്റ് എറ്റിയന്നെ (13), ബോര്‍ഡോ (12) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.