പാരിസ്: സൂപ്പര്‍ താരം നെയ്മറിന് ഫ്രഞ്ച് ലീഗില്‍ ആദ്യത്തെ ചുവപ്പു കാര്‍ഡ്. ലീഗ് വണ്ണില്‍ ഒളിംപിക് മാഴ്‌സേയ്‌ക്കെതിരായ മത്സരത്തിലെ 87-ാം മിനുട്ടിലാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ബ്രസീലിയന്‍ താരം മടങ്ങിയത്. നെയ്മറിന്റെ കൂടി ഗോളിന്റെ കരുത്തില്‍ പി.എസ്.ജി എവേ ഗ്രൗണ്ടില്‍ നിന്ന് 2-2 സമനിലയുമായി രക്ഷപ്പെട്ടു.
സീസണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത പി.എസ്.ജി, മാഴ്‌സേയ്‌ക്കെതിരെ രണ്ടു തവണ പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചുവന്നത്. 16-ാം മിനുട്ടില്‍ 35 വാര അകലെ നിന്നുള്ള ലോങ് റേഞ്ചറില്‍ നിന്ന് ബ്രസീലിയന്‍ താരം ലൂയിസ് ഗുസ്താവോ ആണ് മാഴ്‌സേയെ മുന്നിലെത്തിച്ചത്. 33-ാം മിനുട്ടില്‍ റാബിയോട്ടിന്റെ പാസ് മികച്ചൊരു ഗ്രൗണ്ടറിലൂടെ വലയിലാക്കി നെയ്മര്‍ സന്ദര്‍ശകരെ ഒപ്പമെത്തിച്ചു. 78-ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടതുഭാഗത്ത് റാബിയോട്ടിനെ കബളിപ്പിച്ച് ക്ലിന്റണ്‍ എന്‍ജീ നല്‍കിയ ക്രോസില്‍ സമര്‍ത്ഥമായി കാല്‍വെച്ച് ഫ്‌ളോറിയന്‍ തൗവിന്‍ മാഴ്‌സേയ്ക്ക് വീണ്ടും ലീഡ് നല്‍കി. 85-ാം മിനുട്ടില്‍ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട നെയ്മര്‍ രണ്ടു മിനുട്ടിനു ശേഷം വീണ്ടും ബുക്ക് ചെയ്യപ്പെട്ടതോടെ പി.എസ്.ജി പത്തു പേരായി ചുരുങ്ങി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഫ്രീകിക്ക് വലയിലെത്തിച്ച് കവാനി സന്ദര്‍ശകരെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു.
മറ്റൊരു മത്സരത്തില്‍ ഒളിംപിക് ലിയോണ്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ട്രോയെസ്സിനെ കീഴടക്കി. നാലു ഗോളടിച്ച മെംഫിസ് ഡിപേയാണ് താരമായത്. നുനോ ദ കോസ്റ്റയുടെ ഇരട്ട ഗോളില്‍ സ്ട്രാസ്ബര്‍ഗ് നീസിനെ തോല്‍പ്പിച്ചു. ശനിയാഴ്ച മൊണാക്കോ രണ്ടു ഗോളിന് കയേനിനെയും നാന്റെസ് ഗ്വിന്‍ഗാംപിനെയും തോല്‍പ്പിച്ചിരുന്നു.
സീസണിലെ രണ്ടാം സമനിലയോടെ രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയുമായുള്ള പി.എസ്.ജിയുടെ പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു. പി.എസ്.ജി (26), മൊണാക്കോ (22), നാന്റെസ് (20), ലിയോണ്‍ (19) എന്നിങ്ങനെയാണ് പോയിന്റ് ടേബിളിലെ ക്രമം.