പാരിസ്: ഫ്രഞ്ച് ലീഗില്‍ ഒളിംപിക് മാഴ്‌സേയ്‌ക്കെതിരെ തന്നെ ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിക്കെതിരെ സൂപ്പര്‍ താരം നെയ്മര്‍. രണ്ടു മിനുട്ടിനിടെ തന്നെ രണ്ട് മഞ്ഞക്കാര്‍ഡ് കാണിച്ച റഫറി റുഡ്ഡി ബുക്വെയുടെ നടപടി അതിശയോക്തിപരമാണെന്ന് നെയ്മര്‍ പറഞ്ഞു.
മാഴ്‌സേയ്‌ക്കെതിരെ 85-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കെടുക്കാന്‍ വൈകിയതിനാണ് നെയ്മറിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. 87-ാം മിനുട്ടില്‍ തന്നെ പിന്നില്‍ നിന്ന് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനക്കാരന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് ഒക്കാംപ്‌സിനെ തള്ളിയതിനായിരുന്നു രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും.
മത്സരത്തില്‍ മറ്റാരേക്കാളും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ടത് നെയ്മറായിരുന്നു. അഞ്ചു തവണയാണ് ബ്രസീലിയന്‍ താരത്തെ എതിരാളികള്‍ വീഴ്ത്തിയത്. തന്റെ ശരീരം മുഴുവന്‍ ഫൗളിന്റെ പാടുകളാണെന്നും റഫറിയുടെ നടപടി ശരിയായില്ലെന്നും നെയ്മര്‍ പറഞ്ഞു.
‘ആ തീരുമാനം അതിശയോക്തിപരവും അനീതിയുമായിരുന്നു. കളിയിലുടനീളം എനിക്ക് നന്നായി കിട്ടുന്നുണ്ടായിരുന്നു. ശരീരം മുഴുവന്‍ അതിന്റെ പാടുകളാണ്.’ എസ്‌പോര്‍ട്ടെ ഇന്ററാറ്റീവോക്ക് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു.
‘അത് (ഒക്കാംപ്‌സിനെതിരായ നീക്കം) പിന്നില്‍ നിന്ന് ഫൗള്‍ ചെയ്യപ്പെട്ടതിനോടുള്ള എന്റെ പ്രതികരണം മാത്രമായിരുന്നു. റഫറി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടത് ചെയ്തു. എന്നെ പുറത്താക്കണമെന്നത് കളിക്കാരേക്കാള്‍ അദ്ദേഹത്തിന്റെ ആവശ്യം പോലെയാണ് തോന്നിയത്.’
നെയ്മര്‍ പുറത്തു പോകുമ്പോള്‍ രണ്ടിനെതിരെ ഒരു ഗോളിന് പിറകിലായിരുന്ന പി.എസ്.ജി ഇഞ്ചുറി ടൈമില്‍ കവാനി നേടിയ ഫ്രീകിക്ക് ഗോളില്‍ സമനില പിടിച്ചിരുന്നു.