X
    Categories: MoreViews

നെയ്മറിനായി 1600 കോടി എറിയാന്‍ ഒരുങ്ങി പി.എസ്.ജി

പാരിസ്: പിടിച്ചുനിര്‍ത്താന്‍ ബാര്‍സലോണ പാടുപെടുമ്പോഴും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനിലേക്ക് കൂടുമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് നെയ്മറിനെ പി.എസ്.ജി വാങ്ങാന്‍ 90 ശതമാനം സാധ്യതയുള്ളതായി സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ റെക്കോര്‍ഡായ 89 ദശലക്ഷം പൗണ്ട് മറികടക്കുന്ന ഓഫറാണ് പി.എസ്.ജി ബാര്‍സക്കു മുന്നില്‍ വെച്ചിട്ടുള്ളതെന്നും ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ തടസ്സം മറികടക്കാനുള്ള പദ്ധതികള്‍ ഫ്രഞ്ച് ക്ലബ്ബിന്റെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെയ്മറിന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനകം വലിയ ചര്‍ച്ചയായി കഴിഞ്ഞു. ട്രാന്‍സ്ഫറിനെ ചൊല്ലി ട്രോളുകളും സജീവമാണ്.

ഇതിനിടെ ഒരേസമയം പത്രസമ്മേളന അറിയിപ്പുമായി ഇരു ക്ലബുകളും രംഗത്തെത്തിയതായും റിപ്പോര്‍ട്ട്. ക്ലബിന്റെ പ്രസ് കോണ്‍ഫറന്‍സ് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

കരാര്‍ കാലാവധിക്കു മുമ്പ് സ്വന്തം ഇഷ്ടപ്രകാരം ക്ലബ്ബ് വിടണമെങ്കില്‍ 222 ദശലക്ഷം യൂറോ (1664 കോടി രൂപ) എന്ന ഭീമന്‍ തുക നല്‍കണമെന്നാണ് നെയ്മറും ബാര്‍സയും തമ്മിലുള്ള വ്യവസ്ഥയില്‍ ഉള്ളത്. സാധാരണ ഗതിയില്‍ ഒരു ക്ലബ്ബും മുടക്കാന്‍ തയാറാവാത്ത തുകയാണ് ‘റിലീസിങ്’ വ്യവസ്ഥയില്‍ വെക്കാറുള്ളതെങ്കിലും ഈ തുക നല്‍കാനും പി.എസ്.ജി തയാറാണെന്നാണ് ഫ്രാന്‍സില്‍ നിന്നുള്ള വാര്‍ത്തകള്‍.
അതേസമയം, നെയ്മര്‍ ബാര്‍സയില്‍ തുടരുമെന്ന് ബാര്‍സയിലെ സഹതാരം ജെറാഡ് പിക്വെ വ്യക്തമാക്കി. നെയ്മറുമൊന്നിച്ചുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ‘തുടരും’ എന്ന് പിക്വെ കുറിച്ചത്.

chandrika: