X

ചാമ്പ്യന്‍സ് ലീഗ് : റയലിനെ തുരത്തും, ഫൈനലില്‍ ബാര്‍സയെ നേരിടണം മെസ്സിയോട് നെയ്മര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുമെന്ന് മെസിക്കു നെയ്മറുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പിനു ശേഷം നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിലാണ് റയലിനെ തോല്‍പ്പിക്കുമെന്ന് നെയ്മര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും സ്പാനിഷ് വമ്പന്‍മാരുമായ റയല്‍ മാഡ്രിഡിനെ പ്രീക്വാര്‍ട്ടറില്‍ തുരത്തുമെന്ന ഉറപ്പ് നല്‍കിയതിനു പുറമേ ചെല്‍സിയെ ബാര്‍സിലോണ തോല്‍പിക്കുമെന്ന് കരുതുന്നുവെന്നും നെയ്മര്‍ പറഞ്ഞു. ഫൈനലില്‍ ബാഴ്‌സലോണയുമായി ഏറ്റു മുട്ടാനാണ് തന്റെ ആഗ്രഹമെന്നും നെയ്മര്‍ മെസിക്കയച്ച സന്ദേശത്തില്‍ പറയുന്നു. സ്പാനിഷ് മാധ്യമമായ ഡിയരിയോ ഗോളാണ് നെയ്മര്‍ മെസിക്കയച്ചുവെന്നു പറയപ്പെടുന്ന സന്ദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ താരകൈമാറ്റ ജാലകത്തിലാണ് ലോക ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് ബാര്‍സിലോണ വിട്ട് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്യ്മര്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. പിന്നാലെ പുതിയ ടീമില്‍ നെയ്യ്മര്‍ തൃപ്തനല്ലെന്നും ഉടനെ തന്നെ താരം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത പരുക്കുന്നതിനിടയിലാണ് പുതിയ വാര്‍ത്ത.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചുമായി ഗ്രൂപ്പ് ബിയില്‍ മത്സരിച്ച പി.എസ്.ജി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് അവസാന പതിനാറില്‍ ഇടം നേടിയത്. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം ലക്ഷ്യം വെക്കുന്ന റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എച്ചില്‍ റണ്ണേഴ്‌സ് അപ്പായാണ് നോക്കൗട്ടിലെത്തിയത്. ഫിബ്രുവരി 15നാണ് റയല്‍-പി.എസ്.ജി മത്സരത്തിന്റെ ആദ്യപാദം അരങ്ങേറുക. മാര്‍ച്ച് ഏഴിന് പി.എസ്.ജിയുടെ തട്ടകത്തില്‍ രണ്ടാം പാദം നടക്കും.

 

 

 

chandrika: