പാരീസ്: ബാര്‍സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ട്രാന്‍സ്ഫറായെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ പി.എസ്.ജി കുപ്പായത്തിനു വേണ്ടി ആരാധകരുടെ വന്‍ തിരക്ക്. ബ്രസീലില്‍ നെയ്മര്‍ അണിയുന്ന പത്താം നമ്പര്‍ തന്നെയാണ് സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മാതാക്കളായ നൈക്കി പുറത്തിയ പി.എസ്.ജി ജഴ്‌സിയിലുമുള്ളത്. ഇതുവരെ അര്‍ജന്റീനാ താരം ഹവിയര്‍ പസ്‌തോറെ ആയിരുന്നു പി.എസ്.ജിയിലെ പത്താം നമ്പറുകാരന്‍.
ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വന്‍ തുകയാണ് നൈക്കി, നെയ്മര്‍ കുപ്പായങ്ങള്‍ക്ക് ഈടാക്കുന്നത്. 91 ഡോളര്‍ (5796 രൂപ) മുതല്‍ 196 ഡോളര്‍ (12,450 രൂപ) വരെയാണ് പി.എസ്.ജിയുടെ വെബ്‌സൈറ്റില്‍ വില രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും പ്രാദേശിക ഷോപ്പുകളില്‍ നൈക്കി കൂടിയ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്ന് ആരാധകര്‍ പറയുന്നു.
ഫ്രാന്‍സിലെ പ്രധാന നഗരങ്ങളില്‍ വില്‍പ്പനക്കെത്തിയ നെയ്മര്‍ ജഴ്‌സികള്‍ മിനുട്ടുകള്‍ക്കകമാണ് വിറ്റഴിഞ്ഞത്. ഹോം ജഴ്‌സിക്കാണ് ആവശ്യക്കാരേറെ. നൈക്കി ഷോപ്പുകള്‍ക്കും അംഗീകൃത ഔട്ട്‌ലെറ്റുള്‍ക്കും മുന്നില്‍ നീണ്ട വരി കാണാമായിരുന്നു എന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാര്‍സലോണയിലെത്തും മുമ്പ് ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ പി.എസ്.ജിയുടെ പത്താം നമ്പര്‍ കുപ്പായമാണ് അണിഞ്ഞിരുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുന്നതിനു മുമ്പ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും വര്‍ഷങ്ങളോളം ഈ ജഴ്‌സി ധരിച്ചു. സ്ലാറ്റന്‍ പോയതിനു ശേഷമാണ് പസ്‌തോറെ പത്താം നമ്പറിനുടമയായത്. എന്നാല്‍ നെയ്മറിന് നമ്പര്‍ കൈമാറുന്നതിന്‍ സന്തോഷമേയുള്ളൂ എന്ന് അര്‍ജന്റീനാ താരം പ്രതികരിച്ചു.