ബാര്‍സലോണ കളിക്കാരേയും ആരാധകരേയും ഒരുപോലെ അമ്പരിപ്പിച്ച് കഴിഞ്ഞ താരകൈമാറ്റ ജാലകത്തിലാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ഇതോടെ ബാര്‍സയും താരവും തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് പുതിയ കരാര്‍ പ്രകാരം നെയ്മറിനു ലഭിക്കേണ്ട നാല്‍പതു ദശലക്ഷം യൂറോ തടഞ്ഞു വെച്ചാണ് ബാര്‍സലോണ ടീം അധികൃതര്‍ അമര്‍ഷം കാണിച്ചത്. തുടര്‍ന്ന് ക്ലബിനെതിരെ കോടതിയിലും ഫിഫക്കും പരാതി നല്‍കുകയായിരുന്നു താരം. എന്നാല്‍ ഈ വിഷയത്തില്‍ ബാര്‍സക്കെതിരെ നടപടിയൊന്നുമുണ്ടാകില്ലെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചതോടെ താരത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്.
നേരത്തേ താരത്തിന്റെ പരാതിയില്‍ ബാര്‍സക്ക് അനുകൂല നിലപാടാണ് ഫിഫ കൈക്കൊണ്ടതെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് വരുന്നത്. ഫിഫയുടെ ഔദ്യോഗിക നേതൃത്വം വിശകലനം ചെയ്തതു പ്രകാരം താരത്തിന്റെ കേസില്‍ തുടരന്വേഷണം നിര്‍ത്തിവച്ചതായും കേസ് ക്ലോസ് ചെയ്തതായും ഫിഫ ഔദ്യോഗിക്കുറിപ്പില്‍ അറിയിച്ചു. അതേസമയം പ്രസ്തുത വിഷയത്തില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തുടരും.
കോടതിയില്‍ നിലനില്ക്കുന്ന കേസില്‍ നെയ്മര്‍ക്കു മറുപണി നല്‍കാന്‍ ബാര്‍്‌സയും ഒരുങ്ങിയിട്ടുണ്ട്. നെയ്മറുടെ കേസിന് തിരിച്ച് കേസു കൊടുത്ത ബാര്‍സലോണ കരാറിലെ നിയമങ്ങള്‍ നെയ്മര്‍ പാലിച്ചില്ലെന്നു കാണിച്ച് എഴുപത്തിയഞ്ചു ദശലക്ഷം യൂറോയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസും കോടതിയുടെ പരിഗണനയിലാണ്.
അതേസമയം പി.എസ്.ജി വിട്ട് നെയ്മര്‍ അടുത്ത സീസണില്‍ ബാര്‍സയുടെ ബന്ധവൈരികളായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെയാണ് ബാര്‍സക്കെതിരായ കേസില്‍ ഫിഫ താരത്തെ കൈയൊഴിയുന്നത്.