പാരീസ്: ലിയോ മെസി ഇന്റര്‍ മിയാമിയിലേക്ക് പോയി. കിലിയന്‍ എംബാപ്പേയെ ക്ലബിന് താല്‍പ്പര്യമില്ല. ഇതാ ഇപ്പോള്‍ നെയ്മറും പറയുന്നു- ഞാന്‍ പോവുകയാണ്. അവസാനിച്ച സീസണിലെ ത്രീമുര്‍ത്തികളെല്ലാം പടിയിറങ്ങുമ്പോള്‍ അങ്കലാപ്പിലാണ് പി.എസ്.ജി. പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
അതിനിടെയാണ് ഇന്നലെ നെയ്മര്‍ പി.എസ്.ജിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയത്. 2027 വരെ പാരീസില്‍ കരാറുള്ള താരമാണ് നെയ്മര്‍. അതിനിടെ ക്ലബിന് ആശ്വാസം പോര്‍ച്ചുഗീസില്‍ നിന്നുള്ള ഗോണ്‍സാലോ റാമോസിനെ കരാര്‍ ചെയ്തതാണ്. ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി തിളങ്ങിയ താരമാണ് റാമോസ്. ഇത് വരെ അദ്ദേഹം ബെനഫിക്കയിലായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ പി.എസ്.ജിയില്‍ കളിക്കാന്‍ അവസരം കിട്ടുന്നത് വലിയ ഭാഗ്യമാണെന്നും ഏറ്റവും മികച്ച പ്രകടനം പാരീസില്‍ നടത്താനാവുമെന്നും 22 കാരനായ റാമോസ് പറഞ്ഞു.