പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജര്‍മയ്‌ന് ഞെട്ടിക്കുന്ന തോല്‍വി. അഞ്ചാം സ്ഥാനക്കാരായ റെന്നസാണ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ അട്ടിമറിച്ചത്.
അതിനിടെ ബ്രീസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ഫ്രഞ്ച് ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച പാരീസില്‍ നടന്ന ചടങ്ങില്‍ ബ്രിസീല്‍ ഇതിഹാസ താരം റൊണാള്‍ഡോയില്‍ നിന്നാണ് നെയ്മര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
പരുക്കിനെ തുടര്‍ന്ന് സീസണിലെ അവസാന മൂന്നു മാസങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങാതിരുന്നിട്ടും മുന്‍ ബാഴ്‌സ സൂപ്പര്‍ താരത്തെ തേടി അവാര്‍ഡ് എത്തുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ ടീമിനു വേണ്ടി 20 ലീഗ് മത്സരങ്ങളില്‍ നിന്ന് 19 ഗോളകളും 13 അസിസ്റ്റുകളുമായി കളംനിറഞ്ഞാണ് പാരീസ് സെന്റ് ജര്‍മന്‍ സൂപ്പര്‍സ്റ്റാര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. അതേസമയം നെയ്മറിന്റെ ഭാവി തീരുമാനത്തെ സംബന്ധിച്ച് പുരസ്‌കാരത്തിന് ചോദ്യങ്ങള്‍ ഉയര്‍ന്നു. താന്‍ പി.എസ്.ജിയില്‍ തുടരുമെന്നായിരുന്നു പുരസ്‌കാര ജേതാവിന്റെ മറുപടി. ഇതോടെ നെയ്മര്‍ ഫ്രാന്‍സ് വിട്ട് സ്പാനിഷ് ലീഗിലേക്ക് ചേക്കേറുമെന്ന വിവാദങ്ങള്‍ക്ക് താല്‍കാലിക അന്ത്യമായി.
“ഈ സീസണില്‍ എനിക്ക് വളരെ താല്പര്യവും സന്തോഷവും അനുഭവപ്പെടുന്നു, ഇത് ഒരു വലിയ ബഹുമതിയാണ്, സഹ കളിക്കാരെ കൂടാതെ എനിക്ക് ഈ പുരസ്‌കാരം നേടാനാവില്ല”, 26 കാരനായ നെയ്മര്‍ പറഞ്ഞു. ചടങ്ങില്‍ പി.എസ്.ജിയിലെ സഹതാരം എഡിന്‍സന്‍ കാവാനിയും സംബന്ധിച്ചു.
ബാര്‍സലോണയില്‍ കഴിഞ്ഞ ആഗസ്തില്‍ 222 മില്യന്‍ യൂറോ എന്ന റെക്കോര്‍ഡ് തുകക്കാണ് നെയ്മറിന്റെ ട്രാന്‍ഫര്‍ നടന്നത്.
സീസണില്‍ സ്വന്തം തട്ടകത്തില്‍ പി.എസ്.ജി തോല്‍വി ഏറ്റുവാങ്ങുന്നത് ഇതാദ്യമായാണ്. വിജയത്തോടെ റെന്നസിന് യൂറോപ്പ ലീഗ് പ്രവേശം സാധ്യമായി. 52-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ബൂറിഗിയാഡ് പെനാല്‍റ്റിയിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ റെന്നസ്, 71-ാം മിനിറ്റില്‍ അഡ്രിയാന്‍ ഹനൂവിലൂടെ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. നാലാഴ്ചക്ക് മുമ്പ് തന്നെ ലീഗില്‍ കിരീടം സ്വന്തമാക്കിയ പി.എസ്.ജി സീസണില്‍ നേരിടുന്ന മൂന്നാമത്തെ തോല്‍വിയായിരുന്നു ഇത്.