ദുബൈ: പി.എസ്.ജിയിലേക്കുള്ള ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ ബാര്‍സലോണ സൂപ്പര്‍ താരം നെയ്മര്‍ ദുബൈയില്‍. ചൈനയില്‍ ബാര്‍സലോണയുടെ വാണിജ്യ പരിപാടിയില്‍ പങ്കെടുത്ത നെയ്മര്‍ യൂറോപ്പിലേക്കുള്ള യാത്രാ മധ്യേയാണ് ദുബൈയിലിറങ്ങിയത്. ചൈനയില്‍ നിന്ന് നെയ്മര്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തുമെന്ന് അവിടെ പി.എസ്.ജിക്കു വേണ്ടി മെഡിക്കലിന് വിധേയമാകുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയും വീഡിയോയും നെയ്മര്‍ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. നാല് സുഹൃത്തുക്കളും ബ്രസീലിയന്‍ താരത്തിനൊപ്പമുണ്ട്.
ദുബൈയില്‍ വെച്ച് നെയ്മര്‍ പി.എസ്.ജി പ്രതിനിധികളെ കാണുമെന്നും മെഡിക്കലിനു വിധേയനാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റം നടന്നേക്കില്ലെന്ന സൂചനയാണ് ദോഹയിലേക്കു പോകുന്നതിനു പകരം നെയ്മര്‍ ദുബൈയിലേക്ക് പോയതിനു പിന്നില്‍ എന്നും ഫുട്‌ബോള്‍ വിദഗ്ധര്‍ വിശകലനം ചെയ്യുന്നു. അതേസമയം, നെയ്മറിനെ സ്വാഗതം ചെയ്യാനും ക്ലബ്ബ് താരമായി അവതരിപ്പിക്കാനുമുള്ള പദ്ധതികള്‍ പി.എസ്.ജി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഫ്രാന്‍സില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു. ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അഞ്ചു വര്‍ഷ കരാറിലാണ് നെയ്മര്‍ ഒപ്പുവെക്കുക.
അഞ്ച് വര്‍ഷം മുമ്പ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബിലെത്തിയപ്പോള്‍ പ്രസിദ്ധമായ ഐഫല്‍ ഗോപുരത്തിന്റെ അടിഭാഗത്ത് വലിയ പരിപാടിയിലൂടെയാണ് പി.എസ്.ജി അവതരിപ്പിച്ചത്. ഇതിനേക്കാള്‍ വലിയ ചടങ്ങായിരിക്കും നെയ്മറിനു വേണ്ടി ഒരുക്കുക. പി.എസ്.ജി താരമാകുന്നതോടെ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവുമധികം വേതനം പറ്റുന്ന കളിക്കാരനായും ബ്രസീല്‍ താരം മാറും. നിലവില്‍ ചൈനീസ് ലീഗില്‍ കളിക്കുന്ന അര്‍ജന്റീനക്കാരന്‍ എസിക്വീല്‍ ലവേസ്സിയാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്‌ബോളര്‍.