X

ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ആലോചന

 

മുംബൈ: ഐപിഎല്ലിന് വീണ്ടും ദക്ഷിണാഫ്രിക്ക വേദിയായേക്കും. 2019 ലെ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ചര്‍ച്ചകള്‍ ആരംഭിച്ചതായും തീരുമാനം ഉടനുണ്ടാകുമെന്നുമാണ് വിവരം. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനം. ഇതിന് മുമ്പ് 2009 ലും ഐപിഎല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടത്തിയിരുന്നു. എന്നാല്‍ 2019 ലോകകപ്പിന്റെ മത്സരക്രമം കൂടി പരിഗണിച്ചായിരിക്കും വേദി മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അതേസമയം നിര്‍ദ്ദേശത്തോട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന് പോസിറ്റീവ് സമീപനമാണുള്ളത്. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ സമീപ കാലത്ത് നടന്ന വലിയ സ്‌പോര്‍ട്‌സ് ഇവന്റ്. 2009 ലെ ഐ.പി.എല്‍ നടത്തിയതിന്റെ ആവേശവും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ജനങ്ങളെ കായിക രംഗത്തേക്ക് കൂടുതല്‍ ആകൃഷ്ടരാക്കാന്‍ ഐ.പി.എല്ലിന് സാധിക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കണക്കു കൂട്ടുന്നത്. 2019 ല്‍ ലോകകപ്പ് നടക്കാനിരിക്കെ ബി.സി.സി.ഐയെ സംബന്ധിച്ച് ഐ.പി.എല്‍ നടത്തുക എന്നത് വെല്ലുവിളിയാണ്. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡിന് വിലങ്ങു തടിയാകും. ഇതിന് പുറമെ തെരഞ്ഞെടുപ്പ് കൂടിയാകുമ്പോള്‍ ലീഗിനെ വിദേശത്തേക്ക് പറിച്ചു നടുകയല്ലാതെ മറ്റൊരു വഴിയില്ലെന്നതാണ് പുതിയ നീക്കത്തിന് പിന്നില്‍. ദക്ഷിണാഫ്രിക്കയ്ക്കു പുറമെ യു.എ.ഇയേയും വേദിയായി പരിഗണിക്കപ്പെടുന്നുണ്ട്.

chandrika: