ജെയിംസ് നീഷാമിന്റെയും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെയും ചെറുത്തുനില്‍പ്പില്‍ ന്യൂസിലാന്റിനെതിരെ പാകിസ്ഥാന് 238 റണ്‍സ് വിജയലക്ഷ്യം . 83റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡിനെ ഇരുവരും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
ഒഅഞ്ച് റണ്‍സില്‍ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഗുപ്റ്റിലിന്റെ വിക്കറ്റ് തെറിപ്പിച്ച ആമിറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 24 റണ്‍സില്‍ കോളിന്‍ മുന്റോയെ മടക്കി ഷാഹീന്‍ അഫ്രീദി ന്യൂസിലന്‍ഡിന് രണ്ടാം പ്രഹരം നല്‍കി.
റാസ് ടെയ്‌ലറും ടോം ലഥാമും മടങ്ങിയപ്പോള്‍ ടീം സ്‌കോര്‍ അര്‍ധസെഞ്ചുറിപ്പോലും കടന്നിരുന്നില്ല. ഇരുവരെയും പുറത്താക്കിയത് ഷാഹീന്‍ അഫ്രീദിയായിരുന്നു. നായകന്‍ കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ സ്‌കോറിങ്ങില്‍ മുന്നേറാന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. എന്നാല്‍ 41 റണ്‍സില്‍ നായകന്‍ കൂടി വീണതോടെ ന്യൂസിലന്‍ഡ് തകരുകയായിരുന്നു.
എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നീഷാമും ഗ്രാന്‍ഡ്‌ഹോമും ശ്രദ്ധപൂര്‍വ്വം ബാറ്റ് വീശി. വിക്കറ്റ് നഷ്ടപ്പെടാതെ ക്രീസില്‍ നിലയുറപ്പിച്ച ഇരുവരും ന്യൂസിലന്‍ഡ് സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. 71 പന്തുകള്‍ നേരിട്ട ഗ്രാന്‍ഡ്‌ഹോം 64 റണ്‍സുമായാണ ക്രീസ് വിട്ടത്. ഗ്രാന്‍ഡ്‌ഹോം വീഴുമ്പോഴേക്കും പൊരുതാവുന്ന സ്‌കോറിലേക്ക് ന്യൂസിലന്‍ഡ് എത്തിയിരുന്നു. 112 പന്തില്‍ നിന്ന് 97 റണ്‍സെടുത്ത നീഷാമിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സില്‍ ഏറെ നിര്‍ണായകമായത്.
പത്ത് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളെടുത്ത ഷാഹീന്‍ അഫ്രീദിയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ചത്. മൂന്ന് മെയ്ഡിന്‍ ഓവറുകള്‍ എറിയാനും അഫ്രീദിക്കായി. മുഹമ്മദ് ആമിര്‍ ഷബാദ് ഖാന്‍ എന്നിവര്‍ പാക്കിസ്ഥാന് വേണ്ടി ഓരോ വിക്കറ്റും നേടി.
ഇന്നത്തെ മത്സരം ജയിച്ച് സെമി പ്രവേശം ഉറപ്പിക്കുകയാണ് കിവീസ് ലക്ഷ്യമിടുന്നത്. എന്നാല്‍, പാക്കിസ്ഥാനാകട്ടെ ലോകകപ്പില്‍ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ഉള്ളത്. ന്യൂസിലന്‍ഡിന് ഇനി ശേഷിക്കുന്നത് മൂന്ന് കളികളാണ്. ഇതില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ ജയിച്ചാല്‍ സെമിയിലേക്ക് പ്രവേശിക്കാം. ആറ് കളികളില്‍ നിന്ന് 11 പോയിന്റ് സ്വന്തമായുള്ള ന്യൂസിലന്‍ഡ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.