X
    Categories: Newsworld

രാജ്യത്ത് ‘ഒരാള്‍ക്ക്’ കോവിഡ് സ്ഥിരീകരിച്ചു; സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്

വെല്ലിങ്ടണ്‍: രാജ്യത്ത് ഒരാള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസീലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലന്‍ഡിലാണ് 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. രോഗി യാത്ര ചെയ്തതായി കരുതപ്പെടുന്ന ഓക്‌ലന്‍ഡ്, കോറോമാന്‍ഡല്‍ പെനിന്‍സുല എന്നിവിടങ്ങളില്‍ ഒരാഴ്ച അതിശക്തമായ നിയന്ത്രണങ്ങളോടുകൂടിലുള്ള ലോക്ഡൗണ്‍ ആയിരിക്കും.

ചൊവ്വാഴ്ച രാത്രി 11.59 മുതല്‍ മൂന്നു ദിവസം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങള്‍ പൂര്‍ണമായി വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ന്യൂസീലന്‍ഡില്‍ ഏറ്റവും ഒടുവില്‍ കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ന്യൂസീലന്‍ഡിലെ കോവിഡ് പ്രതിരോധം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂവായിരത്തോളം പേര്‍ക്കു മാത്രമാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്.

 

Test User: