വെല്ലിങ്ടണ്‍: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇംഗ്ലണ്ടിന് തോല്‍വി. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ന്യൂസിലാന്റിനോട് 12 റണ്‍സാണ് ഇംഗ്ലണ്ട് ഇത്തവണ തോല്‍വി പിണഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെയും ഓപണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ അഞ്ചിന് 196 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം ഒമ്പതിന് 184 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍ : ന്യൂസിലന്‍ഡ് 196/5 (20 ഓവര്‍), ഇംഗ്ലണ്ട് 184/9 ( 20 ഓവര്‍).
ന്യൂസിലാന്റ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ടിം സൗത്തി ജെയ്‌സണ്‍ റോയിയെ ട്രന്റ് ബോള്‍ട്ടിന്റെ കൈക്കളിലെത്തിച്ച് മടക്കി. എട്ടു റണ്‍സായിരുന്നു റോയിയുടെ സമ്പാദ്യം. എന്നാല്‍ 24 പന്തില്‍ 47 റണ്‍സെടുത്ത അലക്‌സ് ഹെയില്‍സും, 40 പന്തില്‍ 59 റണ്‍സെടുത്ത ദാവീദ് മലാനും ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കിവീ ബൗളര്‍മാര്‍ മികവ് കാട്ടിയപ്പോള്‍ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. ന്യൂസിലാന്റിനായി സാന്റ്‌നര്‍, ബോള്‍ട്ട്, സോദി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റിന് വേണ്ടി 46 പന്തില്‍ നാലു ഫോറിന്റേയും നാലു സിക്‌സിന്റേയും സഹായത്തോടെ 72 റണ്‍സാണ് നായകന്‍ വില്ല്യംസണ്‍ അടിച്ചുകൂട്ടിയത്. ആറു ഫോറും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 40 പന്തില്‍ 65 റണ്‍സ് ഗപ്റ്റിലും നേടിയതോടെ ന്യൂസിലാന്റ് മാന്യമായ സ്‌കോറില്‍ എത്തുകയായിരുന്നു. വില്ല്യംസണാണ് കളിയിലെ താരം.
ത്രിരാഷ്ട പരമ്പരയില്‍ ഇംഗ്ലണ്ടിനും ന്യൂസിലാന്റിനും പുറമേ ഓസ്‌ട്രേലിയയാണ് പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. പരമ്പരയില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയയാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഇന്നത്തെ ജയത്തോടെ രണ്ടു കളികളില്‍ നിന്നായി ഒരു ജയവും ഒരു തോല്‍വിയുമുള്ള ന്യൂസിലാന്റ് രണ്ടാമതും, കളിച്ച മൂന്നു കളിയിലും തോല്‍വി പിണഞ്ഞ ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.