X

പുതുവത്സരദിനത്തില്‍ വാഹനാപകടത്തില്‍ സംസ്ഥാനത്ത് 8 മരണം, ജാഗ്രത !

ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. തിരൂര്‍ റീജിയനല്‍ ഐടിഐയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. മലപ്പുറം തിരൂര്‍ സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ഡിസംബര്‍ 30ന് തിരൂര്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്. തിങ്കള്‍ക്കാടിന് സമീപം കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് പേര്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലിടിച്ച ജീപ്പ്, വഴിയരികിലെ മതിലും തകര്‍ത്തു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊയിലാണ്ടിയില്‍ കാല്‍നടയാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. തിരുവല്ല ബൈപാസിലെ ചിലങ്ക ജംങ്ഷനില്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്നരയോടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. സംഭവസ്ഥലത്തുതന്നെ അരുണ്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏനാത്ത് പൊലീസ് സ്റ്റേഷനു സമീപം ഇരുചക്രവാഹനം പോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു. ഇലമങ്കലം സ്വദേശി തുളസീധരനാണ് മരിച്ചത്.

webdesk14: