X

ട്വിറ്റര്‍ മാതൃകയില്‍ മെറ്റയും;ജീവനക്കാര്‍ക്കെതിരെ കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനം

സാന്‍ഫ്രാന്‍സിസ്‌കോ:സാമൂഹമാധ്യമമായ ട്വിറ്റര്‍ മാതൃകയില്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.വരും ദിവസങ്ങളില്‍ മെറ്റയില്‍ വന്‍ പിരിച്ചുവിടല്‍ നടക്കുമെന്നും ആയിരക്കണക്കിനു ജീവനക്കാരെ ബാധിക്കുമെന്നും രാജ്യാന്തര മാധ്യമം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച്ചയ്ക്കു മുന്‍പായി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ പരസ്യവിപണിയിലെ മാന്ദ്യം മെറ്റയെ കൂടാതെ എതിരാളികളായ ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെയും ബാധിച്ചു.

കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നും മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തേ അറിയിച്ചിരുന്നു.
ട്വിറ്റര്‍ മാത്രമല്ല പല പ്രമുഖ കമ്പനികളും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ നിലവില്‍ പുറത്തു വന്നിട്ടുണ്ട്.കോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തശേഷമുള്ള രണ്ടാംഘട്ട പിരിച്ചുവിടലില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നായി 3700 പേരുടെ ജോലിയാണ് നഷ്ടമായത്.പിരിച്ചുവിടല്‍ അറിയിപ്പിനു മുന്‍പേ ജീവനക്കാരെ കമ്പനിയുടെ ആശയവിനിമയ ശൃംഖലയില്‍ നിന്നും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും പുറത്താക്കിയിരുന്നു.

Test User: