ലോകകപ്പ് ഫുട്‌ബോളിന്റെ കളിയാരവങ്ങളില്‍ തിമര്‍ത്താടുകയാണ് ലോകമെമ്പാടും.
എല്ലാവരും തങ്ങളുടെ ഇഷ്ട ആരാധകരുടെ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ പണിയുന്ന തിരക്കിലാണ്, എന്നാല്‍ ആയിരങ്ങള്‍ മുടക്കി കട്ടോട്ട് വയ്ക്കാന്‍ കാശില്ല എങ്കിലും തങ്ങളുടെ ഇഷ്ടതാരത്തെ മനസ്സില്‍ സൂക്ഷിക്കുന്ന കുറച്ചു കൊച്ചു കുട്ടികള്‍ ചേര്‍ന്ന് കാര്‍ഡ്‌ബോര്‍ഡില്‍ ഉണ്ടാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ട് ഔട്ട് ഏവരുടെയും ഹൃദയം കവരുന്ന ഒന്നാണ്.മലപ്പുറം പെരിന്തല്‍മണ്ണയിലെ ഈസ്റ്റ് മണ്ണാര്‍മലയിലെ റൊണാള്‍ഡോയുടെ കുഞ്ഞു ആരാധകര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
ഞങ്ങളെ റൊണാള്‍ഡോയുടെ കട്ട ഫാനാണ് ബാക്കിയെല്ലാവര്‍ക്കും ഫ്‌ളക്‌സ് വന്ന്,ഞങ്ങളെ റൊണാള്‍ഡോയ്ക്ക് മാത്രം ഇല്ല, അപ്പോള്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കി – നാലാം ക്ലാസുകാരന്‍ മര്‍വാന്റെ വാക്കുകളാണിത്.
എം ടി അഹമ്മദ് മര്‍വാന്‍ (9), എംടി അന്‍ഷിബ് (12), കെ ഇഷാന്‍ (12), കെ നിഷില്‍ (10) എന്നിവരാണ് സിആര്‍ സെവന്റെ കൊച്ചു മിടുക്കന്മാരായ കട്ട ഫാന്‍സ്.
കഴിഞ്ഞ കുറച്ചു ദിവസമായി റൊണാള്‍ഡോയുടെ ഫ്‌ളക്‌സ് വെക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. സ്‌കൂളില്‍ പോകുമ്പോഴും സ്‌കൂള്‍ കഴിഞ്ഞു വന്നാലും ഒന്നിച്ച് ഒരുമിച്ചിരുന്നുള്ള ഇവരുടെ പ്രധാന ചര്‍ച്ച കട്ട് ഔട്ടിനെ കുറിച്ചായിരുന്നു. എന്നാല്‍ വലിയ ഫ്‌ളക്‌സിനുള്ള പണം കയ്യില്‍ ഉണ്ടായിരുന്നില്ല.അങ്ങനെയാണ് കാര്‍ഡ്‌ബോഡില്‍ സ്വന്തമായി കട്ടൗട്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച പൂര്‍ത്തിയാക്കിയ കട്ടൗട്ട് കുട്ടികളുടെ ബന്ധുവായ മുണ്ടംടൊടി ഹംസയുടെ വീടിനു മുന്നിലാണ് വച്ചത്. കട്ട് ഔട്ട് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.