X

ക്രോയേഷ്യ-മൊറോക്കോ മത്സരം ഗോള്‍രഹിത സമനിലയില്‍

അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ തിങ്ങി നിറഞ്ഞ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലയില്‍ മെരുക്കി മൊറോക്കോ.ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് ഇരുരാജ്യങ്ങളും കാഴ്ചവെച്ചത്. മൊറോക്കോയേക്കാള്‍ മികച്ച കളിയാണ് ക്രൊയേഷ്യ പുറത്തെടുത്തതെങ്കിലും മൊറോക്കന്‍ പ്രതിരോധത്തിന് മുന്നില്‍ ഒന്നും ചെയ്യാനായില്ല. 14 ഷോട്ടുകളാണ് മത്സരത്തില്‍ മൊത്തം പിറന്നത്.

ആദ്യ പകുതിയില്‍ മൊറോക്കോ അഞ്ച് തവണയും ക്രൊയേഷ്യ നാല് തവണയും ഗോളിനായി ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ ഒരു ഷോട്ടാണ് ലക്ഷ്യത്തിലെത്തിയത്. ക്രൊയേഷ്യയ്ക്ക് പന്തില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായിരുന്നുവെങ്കിലും ഗോള്‍വല ചലിപ്പിക്കാനായില്ല.ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് നിക്കോള വ്‌ലാസിച്ചിലൂടെ ക്രൊയേഷ്യ ഗോളിന് അടുത്തെത്തിയെങ്കിലും, ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിന്റെ തകര്‍പ്പന്‍ സേവ് മൊറോക്കോയെ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബോക്‌സിനു പുറത്തുനിന്ന് ലൂക്കാ മോഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചറും നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 17ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് തൊടുത്ത ലോങ്‌റേഞ്ചറും നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്.

ആദ്യ പകുതിയുടെ 18ാം മിനിറ്റില്‍ മൊറോക്കോയ്ക്കും ഒരു സുവര്‍ണാവസരം ലഭിച്ചിരുന്നു. ക്രൊയേഷ്യന്‍ ബോക്‌സ് ലക്ഷ്യമിട്ട് മൊറോക്കോ നടത്തിയ നീക്കത്തിനൊടുവില്‍ ഹാകിം സിയെച്ചിന്റെ തകര്‍പ്പന്‍ ക്രോസിന് യൂസഫ് എന്‍ നെസിറിക്ക് തലവയ്ക്കാനാകാതെ പോയത് നിര്‍ഭാഗ്യമായി.

രണ്ടാം പകുതിയില്‍ രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചത് മൊറോക്കോയ്ക്കാണ്. 51ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ പോസ്റ്റിനു സമീപം ഓടിയെത്തി നാസിര്‍ മസ്‌റോയി തൊടുത്ത ഹെഡര്‍ ഗോള്‍കീപ്പര്‍ ലിവകോവിച്ച് തടുത്തിട്ടു. പിന്നീട് അഷ്‌റഫ് ഹാകിമിയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചറും ലിവകോവിച്ച് പുറത്തേക്ക് തട്ടിവിട്ടു.ഈ മത്സരത്തിലെ യഥാര്‍ത്ഥ വിജയികള്‍ മൊറോക്കന്‍ ആരാധകരായിരുന്നു. അവസാനം വരെ പാട്ടും കൈകൊട്ടിയും ആര്‍പ്പുവിളിച്ചും അവര്‍ ടീമിനെ പ്രചോദിപ്പിക്കുകയായിരുന്നു.

 

 

 

Test User: