ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശവുമായി പി എസ് സി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് പുതിയ ഉത്തരവ് പുറത്തിറക്കി.2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും. ആറുമാസത്തില്‍ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും.ഇതോടെ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച പരാതിയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും.
ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണം. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ ഈ മാസം 30നകം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഒരു കാരണവശാലും ഉദ്യോഗകയറ്റത്തിലൂടെ നികത്താന്‍ പാടില്ല. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, തീയതി എന്നിവ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണം.ആറുമാസത്തില്‍ കൂടുതല്‍ ഉള്ള അവധികള്‍ ഒഴിവായി പരിഗണിച്ചുകൊണ്ടായിരിക്കണം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും ആ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണം എന്ന നിര്‍ദേശം കൂടി ഉണ്ട്.